നാക്ക് പിഴച്ചു; 'കാന്‍റീന്‍ സ്റ്റാഫ്‍' പരാമര്‍ശത്തില്‍ ഓസീസ് കമന്‍റേറ്ററുടെ കുമ്പസാരം

By Web TeamFirst Published Dec 30, 2018, 3:37 PM IST
Highlights

വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഓസീസ് കമന്‍റേറ്റര്‍. റയില്‍വേ കാന്‍റീന്‍ ജീവനക്കാര്‍ക്കെതിരെ മായങ്ക് അഗര്‍വാള്‍ ട്രിപ്പിള്‍ തികച്ചിട്ടുണ്ട് എന്നായിരുന്നു ഒക്കീഫിന്‍റെ വാക്കുകള്‍.

മെല്‍ബണ്‍: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെ 'കാന്‍റീന്‍ സ്റ്റാഫ്‍' പരാമര്‍ശം കൊണ്ട് അപമാനിച്ച ഓസീസ് കമന്‍റേറ്റര്‍ മാപ്പുപറഞ്ഞ് രംഗത്ത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരിയെ കുറിച്ച് സംസാരിക്കവെയാണ് കമന്‍റേറ്ററായ കെറി ഒക്കീഫ് വിവാദ പരാമര്‍ശം നടത്തിയത്. റയില്‍വേ കാന്‍റീന്‍ ജീവനക്കാര്‍ക്കെതിരെ മായങ്ക് അഗര്‍വാള്‍ ട്രിപ്പിള്‍ തികച്ചിട്ടുണ്ട് എന്നായിരുന്നു ഒക്കീഫിന്‍റെ വാക്കുകള്‍.

മത്സരത്തിന്‍റെ സംപ്രേക്ഷകരായ ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ തുറന്ന കത്തിലാണ് കെറി ഒക്കീഫിന്‍റെ കുമ്പസാരം. 'പരാമര്‍ശം നടത്തുമ്പോള്‍ നാക്കുപിഴ സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനോട് അനാദരവ് കാട്ടുകയായിരുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വലിയ ആരാധകനാണ്' താനെന്നും ഒക്കീഫ് കത്തില്‍ എഴുതി.

'ചേതേശ്വര്‍ ജഡേജ' എന്ന പരാമര്‍ശം കൂടി ഒക്കീഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇരു പരാമര്‍ശങ്ങളിലും ഇന്ത്യന്‍ ആരാധകരുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുന്‍ ഓസീസ് താരം കൂടിയായ ഒക്കീഫ് മാപ്പുപറഞ്ഞ് കത്തെഴുതിയത്.

click me!