ഓസ്‌ട്രേലിയയില്‍ മുന്‍തൂക്കം ഇന്ത്യക്ക്; കാരണം കോലിയുടെ പോരാട്ടവീര്യം: വിവിയന്‍ റിച്ചാര്‍ഡ്‌സ്

By Web TeamFirst Published Dec 21, 2018, 5:49 PM IST
Highlights

വിരാട് കോലിയുടെ നായകത്വവും പോരാട്ടവീര്യവും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതായി വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്...

കൊല്‍ക്കത്ത: വിരാട് കോലിയുടെ നായകത്വവും പോരാട്ടവീര്യവും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതായി വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. താന്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുകയാണ്. ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നാണ് വിശ്വാസം. എന്നാല്‍ സ്‌റ്റീവ് ‌സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും ഓസ്‌ട്രേലിയ ശക്തരാണെന്നും വിന്‍ഡീസ് ഇതിഹാസം പറയുന്നു. 

സമകാലിക ക്രിക്കറ്റര്‍മാരില്‍ കോലിയാണ് തനിക്ക് പ്രിയപ്പെട്ടവന്‍. കോലിയെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അയാളുടെ കരിയറിന്‍റെ അവസാനം വരെ കാത്തിരിക്കാം. ഇപ്പോഴത് ചെയ്താല്‍ എടുത്തുചാട്ടമായിരിക്കും. എന്നാലും കോലി അവിസ്‌മരണീയമായ പ്രകടനമാണ് തുടരുന്നതെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു. വിവിധ തലമുറകളില്‍ ഇതിഹാസങ്ങളെ ലഭിച്ചതില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാമെന്നും അദേഹം പറഞ്ഞു.  

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ഗോഡ്ഫാദറാണ് സുനില്‍ ഗവാസ്‌കര്‍. സച്ചിന്‍ അതിന് പിന്തുടര്‍ച്ചക്കാരനായി. ഇപ്പോള്‍ കോലിയും അതേ പാതയില്‍. ഇവരെ കുറിച്ച് ഇന്ത്യക്ക് ഏറെ സന്തോഷിക്കാമെന്നും എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.  നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ കളി വീതം ജയിച്ച് തുല്യത പാലിക്കുകയാണ് ടീമുകള്‍. 

click me!