ഗാരി കിര്‍സ്റ്റന്‍ എന്തുകൊണ്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായില്ല; ഇതാണുത്തരം

By Web TeamFirst Published Dec 21, 2018, 5:09 PM IST
Highlights

കൂടുതല്‍ സാധ്യത കല്‍പിച്ചിരുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റനാണ്. മൂന്നംഗ അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടും കിര്‍സ്റ്റന്‍ ഒഴിവാക്കപ്പെടുകയായിരുന്നു...

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാന്‍ കൂടുതല്‍ സാധ്യത കല്‍പിച്ചിരുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റനാണ്. 2011ല്‍ ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുന്ന പരിശീലകനാണ് കിര്‍സ്റ്റന്‍. എന്നാല്‍ വനിതാ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ അന്തിമ പട്ടികയില്‍ പേരുവന്നിട്ടും കിര്‍സ്റ്റന്‍ തഴയപ്പെട്ടു. 

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരുമായുള്ള കരാറാണ് ഗാരി കിര്‍സ്റ്റന് വിനയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിക്ക് മുന്നില്‍ മികച്ച പ്രകടനമാണ് ഗാരി കാഴ്‌ച്ചവെച്ചത്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സുമായുള്ള കരാര്‍ ഒഴിയാന്‍ ഗാരി തയ്യാറാകാതെ വന്നതോടെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച രണ്ടാമന്‍ ഡബ്ലു വി രാമന് നറുക്കുവീഴുകയായിരുന്നു.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നവര്‍ക്ക് ഐപിഎല്‍ ടീമുമായി കരാര്‍ പാടില്ലെന്ന വ്യവസ്ഥയും ഗാരിക്ക് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ബിസിസിഐ ഗാരിയുടെ അപേക്ഷ സ്വീകരിച്ചതും മൂന്നംഗ കമ്മിറ്റിക്ക് കൈമാറിയതും എന്തുകൊണ്ടാണെന്നത് ചോദ്യചിഹ്‌നമാണ്. മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദും പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

click me!