'മോശം ക്യാപ്റ്റന്‍സി'; കോലിയെ വിമര്‍ശിച്ചും ചോദ്യശരങ്ങളുമായി ഗവാസ്‌കര്‍

By Web TeamFirst Published Dec 15, 2018, 9:42 PM IST
Highlights

പെര്‍ത്ത് ടെസ്റ്റിലെ കോലിയുടെ തീരുമാനങ്ങളില്‍ കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും രണ്ടാം ന്യൂ ബോള്‍ പ്രയോജനപ്പെടുത്തുന്നതിലും കോലി പരാജയപ്പെട്ടു...

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ കോലിയുടെ നായകത്വത്തില്‍ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. എന്തുകൊണ്ട് രണ്ടാം ദിനം ജസ്‌പ്രീത് ബൂംമ്രയെ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്തില്ലെന്ന് ഗവാസ്‌കര്‍ ചോദിച്ചു. ഇശാന്ത് ശര്‍മ്മയെയും മുഹമ്മദ് ഷമിയെയും ഉപയോഗിച്ചുള്ള കോലിയുടെ തന്ത്രം വിജയിച്ചില്ലെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ വിമര്‍ശിച്ചു.

ബൂംമ്രയാണ് നിലവിലെ മികച്ച ബൗളറെന്ന് എല്ലാവര്‍ക്കുമറിയാം. ചിലപ്പോള്‍ മറ്റ് ബൗളര്‍മാര്‍ കൂടുതല്‍ വിക്കറ്റ് എടുക്കുന്നുണ്ടാകും. എന്നാല്‍ രണ്ടാം ദിനം രാവിലെ ടിം പെയ്‌നിനെ പുറത്താക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ബൗളര്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ബൂംമ്രയെ പിന്തുണച്ച് ഗവാസ്‌കര്‍ പറഞ്ഞു. രണ്ടാം ന്യൂ ബോള്‍ ഇന്ത്യ നന്നായി ഉപയോഗിച്ചില്ല എന്നതാണ് ഗവാസ്‌കര്‍ ഉന്നയിക്കുന്ന മറ്റൊരു വിമര്‍ശനം.

ബാറ്റ്സ്‌മാന്‍മാരെ പ്രതിരോധത്തിലാക്കുന്നതിന് പകരം അനായാസം ഒഴിഞ്ഞുമാറാന്‍ കഴിയുന്ന ഷോട്ട് ബോളുകള്‍ എറിയുന്നത് എന്തിനെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു. എന്തിനാണ് ഷോട്ട് ബോളുകള്‍ എറിയുന്നത്. അനായാസം പന്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമെന്ന് ബാറ്റ്സ്‌മാന് മനസിലാകുന്നു. ഇത്തരം പന്തുകള്‍ മികച്ച ലൈനില്‍ എറിഞ്ഞാലും പെര്‍ത്തിലെ പിച്ചില്‍ വിക്കറ്റ് തെറിക്കുകയില്ലെന്നും ഇതിഹാസ താരം പറഞ്ഞു.

click me!