ഓവലില്‍ ഇന്ത്യന്‍ തിരിച്ചുവരവ്; ഇംഗ്ലണ്ടിന് തകർച്ച

By Web TeamFirst Published Sep 7, 2018, 11:20 PM IST
Highlights

ഒന്നാം ദിനം കളിനിർത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്കായി ഇശാന്ത് മൂന്നും ബൂംറയും ജഡേജയും രണ്ടുവീതം വിക്കറ്റും വീഴ്ത്തി. 

ഓവല്‍: ഇന്ത്യ- ഇംഗ്ലണ്ട് അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യയ്ക്കൊപ്പം. മികച്ച തുടക്കത്തിന് പിന്നാലെ കുക്കും(71), അലിയും(50) അർദ്ധ സെഞ്ചുറി നേടിയെങ്കിലും ഇശാന്ത് വില്ലനായതോടെ ഇംഗ്ലണ്ടിന് കാലിടറുകയായിരുന്നു. തുടക്കത്തില്‍ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുകാട്ടിയ ഇന്ത്യന്‍ പേസർമാര്‍ മൂന്നാം സെക്ഷനില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പിഴുതെറിഞ്ഞു. ഇതോടെ ഒന്നാം ദിനം കളിനിർത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്കായി ഇശാന്ത് മൂന്നും ബൂംറയും ജഡേജയും രണ്ടുവീതം വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് കുക്കും ജെന്നിംഗ്സും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ അശ്വിന് പകരം ടീമിലെത്തിയ രവീന്ദ്ര ജഡേജ 23 റണ്‍സെടുത്ത ജെന്നിംഗ്സിനെ രാഹുലിന്‍റെ കൈകളിലെത്തിച്ചു. അലിയെ കൂട്ടുപിടിച്ച് കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അലിസ്റ്റർ കുക്ക് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്കെന്ന് തോന്നിച്ചു. കുക്കിന്‍റെ പരമ്പരയില്‍ ആദ്യത്തേതും ടെസ്റ്റ് കരിയറിലെ 57-ാം അർദ്ധ ശതകവുമാണിത്. എന്നാല്‍ ടീം സ്കോർ 133ല്‍ നില്‍ക്കേ കുക്കിനെ ബൂംറ പുറത്താക്കിയത് ഇംഗ്ലണ്ടിന്‍റെ കുതിപ്പിന് തടയിട്ടു.

അതേ ഓവറില്‍ അക്കൌണ്ട് തുറക്കും മുന്‍പ് റൂട്ടും, ഇശാന്തെറിഞ്ഞ അടുത്ത ഓവറില്‍ ബെയർസ്റ്റോയും പുറത്തായി. ഓള്‍റൌണ്ടർ ബെന്‍ സ്റ്റോക്സിന് നേടാനായത് 11 റണ്‍സ്. എന്നാല്‍ ഇതിനിടെ മൊയിന്‍ അലി അർദ്ധ സെഞ്ചുറി നേടിയത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. സാം കുരാനും ഇശാന്തിന് മുന്നില്‍ അക്കൌണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലാവുകയായിരുന്നു. ബട്ട്ലർ 11 റണ്‍സുമായും റഷീദ് നാല് റണ്‍സെടുത്തും ക്രീസിലുണ്ട്

click me!