ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം; പൊരുതിക്കളിച്ച് ഇന്ത്യ ലീഡ് വഴങ്ങി

By Web TeamFirst Published Sep 9, 2018, 7:39 PM IST
Highlights

ഇന്ത്യയുടെ മുഖം രക്ഷിച്ച് വിഹാരി- ജഡേജ സഖ്യം. അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയും സെഞ്ചുറിക്കരികെയെത്തിയ രവീന്ദ്ര ജഡേജയുമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കാത്തത്. 

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 40 റണ്‍സ് ലീഡ് വഴങ്ങി ഇന്ത്യ. ഇംഗ്ലണ്ടിന്‍റെ 332 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 292ല്‍ പുറത്തായി. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയും സെഞ്ചുറിക്കരികെയെത്തിയ രവീന്ദ്ര ജഡേജയുമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കാത്തത്. പുറത്താകാതെ 86 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍, സ്റ്റോക്‌സ്, അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 

ആറിന് 174 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ഏഴാം വിക്കറ്റില്‍ വിഹാരി- ജഡേജ സഖ്യം കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 56 റണ്‍സെടുത്ത വിഹാരിയെ മൊയിന്‍ അലി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെ 77 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ട് പൊളിഞ്ഞു. നാല് റണ്‍സെടുത്ത് ഇശാന്തും ഒരു റണ്ണുമായി ഷമിയും വന്നപോലെ മടങ്ങിയെങ്കിലും ജഡേജ ഒരറ്റത്ത് പിടിച്ചുനിന്നു. ജഡേജ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും അനാവശ്യ റണ്ണിനായി ഓടി ബുംറ(0) റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. രണ്ടാം ദിനം കെ.എല്‍. രാഹുല്‍ (37), ശിഖര്‍ ധവാന്‍ (3), ചേതേശ്വര്‍ പൂജാര (37), വിരാട് കോലി (49), അജിന്‍ക്യ രഹാനെ (0), ഋഷഭ് പന്ത് (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 332ന് എല്ലാവരും പുറത്തായി. മികച്ച തുടക്കത്തിന് ശേഷം മധ്യനിര തകര്‍ന്ന ഇംഗ്ലണ്ട് ആദ്യദിനം ഏഴിന് 198 എന്ന നിലയിലായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് 89 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കുക്കും(71), അലിയും(50) അര്‍ദ്ധ സെഞ്ചുറി നേടി. വാലറ്റത്ത് ആദില്‍ റഷീദ് 51 പന്തില്‍ 15, സ്റ്റുവര്‍ട്ട് ബ്രോഡ് 59 പന്തില്‍ 38 എന്നിവര്‍ നിര്‍ണായകമായ സംഭാവന നല്‍കി. ഇന്ത്യക്കായി ജഡേജ നാലും, ഇശാന്ത് ശര്‍മ, ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വീഴ്ത്തി. 

click me!