2023ൽ തുടക്കത്തിൽ തന്നെ സാനിയയുമായി പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതായും, മകന്‍റെ കാര്യങ്ങൾ സംയുക്തമായി നോക്കിനടത്താനാണ് തീരുമാനിച്ചതെന്നും മാലിക് വ്യക്തമാക്കി.
കറാച്ചി: മൂന്നാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകന്‍ ഷൊയൈബ് മാലിക്. തന്‍റെ മൂന്നാം വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മാലിക് വ്യക്തമാക്കി. രണ്ടാം ഭാര്യ സന ജാവേദിനെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങളെയും മാലിക് ശക്തമായി അപലപിച്ചു. കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി വ്യാജവാർത്തകൾ ചമയ്ക്കുന്നവർ കുടുംബങ്ങളെ തകർക്കുകയാണെന്ന് മാലിക് ആരോപിച്ചു.
'കെട്ടിച്ചമച്ച ഇത്തരം കഥകളോട് ഇപ്പോൾ പ്രതികരിക്കേണ്ട സമയം ആയിരിക്കുകയാണ്. എന്‍റെ മകൻ ഇപ്പോൾ ഇതൊക്കെ വായിക്കാൻ പ്രായമുള്ള കുട്ടിയാണ്. പണത്തിനും കാഴ്ചക്കാരെ കിട്ടാനും വേണ്ടി പ്രചരിപ്പിക്കുന്ന ഇത്തരം നുണക്കഥകൾ എന്‍റെ പ്രിയപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്'. - ഷോയബ് മാലിക് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും താരം പ്രസ്താവനയിൽ സൂചിപ്പിച്ചു. 2023ൽ തുടക്കത്തിൽ തന്നെ സാനിയയുമായി പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതായും, മകന്‍റെ കാര്യങ്ങൾ സംയുക്തമായി നോക്കിനടത്താനാണ് തീരുമാനിച്ചതെന്നും മാലിക് വ്യക്തമാക്കി. അതിനുശേഷമാണ് സന ജാവേദിനെ വിവാഹം കഴിച്ചതെന്നും മാലിക് കൂട്ടിച്ചേർത്തു.
തന്‍റെ സ്വകാര്യതയെ മാനിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മാലിക് മുന്നറിയിപ്പ് നൽകി. എല്ലാവർക്കും ഉള്ളതുപോലെ എനിക്കും ഒരു കുടുംബമുണ്ട്. ഉത്തരവാദിത്തത്തോടെ പെരുമാറാൻ പഠിക്കണം. എന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തമാശകളും ഊഹാപോഹങ്ങളും ഇവിടെ അവസാനിപ്പിക്കുമെന്ന് കരുതുന്നു- മാലിക് പ്രസ്താവനയില്‍ വ്യക്തമാക്കി. സാനിയയുമായുള്ള വിവാഹ മോചനത്തിനുശേഷമാണ് ഷുയൈബ് മാലിക് പാക് നടിയായ സന ജാവേദിനെ വിവാഹം കഴിച്ചത്.
