ഇന്ത്യയ്ക്ക് ദീപാവലി മധുരം; കൂറ്റന്‍ ജയവും പരമ്പരയും

By Web TeamFirst Published Nov 6, 2018, 10:32 PM IST
Highlights

വിന്‍ഡീസിനെ 71 റണ്‍സിന് തകര്‍ത്ത് ദിപാവലി ദിനത്തില്‍ ഇന്ത്യയ്ക്ക് പരമ്പര. ഇന്ത്യയുയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 റണ്‍സെക്കാനേ ആയുള്ളൂ. തുടക്കത്തിലെ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു... 

ലക്‌നൗ: രണ്ടാം ടി20യില്‍ വിന്‍ഡീസിനെ 71 റണ്‍സിന് തകര്‍ത്ത് ദിപാവലി ദിനത്തില്‍ ഇന്ത്യയ്ക്ക് പരമ്പര. ഇന്ത്യയുയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 റണ്‍സെക്കാനേ ആയുള്ളൂ. നേരത്തെ ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 20 ഓവറില്‍ 195 റണ്‍സെടുത്തത്. തുടക്കത്തിലെ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇന്ത്യക്കായി ഭുവിയും ഖലീലും ബൂംമ്രയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ടി20കളുടെ പരമ്പരയില്‍ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന വിന്‍ഡീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിന്‍ഡീസ് വിക്കറ്റുകള്‍ വീണു. ഹോപ്പിനെയും(6) ഹെറ്റ്‌മയറെയും(15) പുറത്താക്കി ഖലീല്‍ അഹമ്മദാണ് വിന്‍ഡീസിന്‍റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വിന്‍ഡീസിനെ കരകയറ്റാന്‍ ശ്രമിച്ച ബ്രാവോയെ 23ല്‍ നില്‍ക്കേ പുറത്താക്കി കുല്‍ദീപ് അടുത്ത പ്രഹരം നല്‍കി. ഈ മത്സരത്തില്‍ അവസരം ലഭിച്ച പൂരാനും നാലില്‍ നില്‍ക്കേ കുല്‍ദീപിന് കീഴടങ്ങി. 

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 67 റണ്‍സെന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. രാംദിനും പൊള്ളാര്‍ഡും ക്രീസില്‍ ഒത്തുചേര്‍ന്നെങ്കിലും ഫലം കണ്ടില്ല‍. തൊട്ടടുത്ത ഓവറില്‍ കൂറ്റനടിക്കാരനായ പൊള്ളാര്‍ഡിനെ(6) ബൂംമ്ര റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. രണ്ട് ഓവറുകളുടെ ഇടവേളയില്‍ രാംദിനും 10 റണ്‍സില്‍ നില്‍ക്കേ ഭുവി രോഹിതിന്‍റെ കൈകളിലെത്തിച്ചു. ഇതേ ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ അലനെ റണ്‍ഔട്ടും ആക്കിയതോടെ വിന്‍ഡീസ് 13.5 ഓവറില്‍ 81-7. 

അവസാന ഓവറുകളില്‍ ബ്രാത്ത്‌വെയ്റ്റും പോളും ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം അപ്രാപ്യമായിരുന്നു. 19-ാം ഓവറിലെ നാലാം പന്തില്‍ പോളിനെ(20) ഭുവി മടക്കിയതോടെ വിന്‍ഡീസ് വീണുടഞ്ഞു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഖാരിയെ ബൂംമ്ര ബൗള്‍ഡാക്കി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ തോമസും(8) ബ്രാത്ത്‌വെയ്റ്റും(15) ഇന്ത്യയുടെ വിജയാഘോഷം നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുലുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സെടുത്തു. രോഹിത് 61 പന്തുകളില്‍ 111 റണ്‍സും രാഹുല്‍ 14 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 43 റണ്‍സെടുത്തപ്പോള്‍ പന്തിന് തിളങ്ങാനായില്ല. അലനും ഖാരിക്കുമാണ് വിക്കറ്റ്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റണ്‍സിലെത്തി. ഇടയ്‌ക്കുവെച്ച് ധവാനും(43) പന്തും(5) പുറത്തായെങ്കിലും ഇന്ത്യ തളര്‍ന്നില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രോഹിതും രാഹുലും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. ബ്രാത്ത്‌വെയ്റ്റിന്‍റെ അവസാന ഓവറിലായിരുന്നു രോഹിതിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി. രോഹിതിന്‍റെ നാലാം അന്താരാഷ്‌ട്ര ടി20 സെഞ്ചുറിയാണിത്.

click me!