ബൗളിംഗിലും ഇന്ത്യയ്ക്ക് ദീപാവലി; വിന്‍ഡീസിന് കൂട്ടത്തകര്‍ച്ച

Published : Nov 06, 2018, 09:39 PM ISTUpdated : Nov 06, 2018, 09:54 PM IST
ബൗളിംഗിലും ഇന്ത്യയ്ക്ക് ദീപാവലി; വിന്‍ഡീസിന് കൂട്ടത്തകര്‍ച്ച

Synopsis

കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന വിന്‍ഡീസിന് തുടക്കം തകര്‍ച്ചയോടെ. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിന്‍ഡീസ് വിക്കറ്റുകള്‍ വീണു. 

ലക്‌നൗ: രണ്ടാം ടി20യില്‍ ഇന്ത്യയുയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് തുടക്കം തകര്‍ച്ചയോടെ. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിന്‍ഡീസ് വിക്കറ്റുകള്‍ വീണു. ഹോപ്പിനെയും(6) ഹെറ്റ്‌മയറെയും(15) പുറത്താക്കി ഖലീല്‍ അഹമ്മദാണ് വിന്‍ഡീസിന്‍റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വിന്‍ഡീസിനെ കരകയറ്റാന്‍ ശ്രമിച്ച ബ്രാവോയെ 23ല്‍ നില്‍ക്കേ പുറത്താക്കി കുല്‍ദീപ് അടുത്ത പ്രഹരം നല്‍കി. ഈ മത്സരത്തില്‍ അവസരം ലഭിച്ച പൂരാനും നാലില്‍ നില്‍ക്കേ കുല്‍ദീപിന് കീഴടങ്ങി. 

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 67 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. രാംദിനും പൊള്ളാര്‍ഡുമാണ് ക്രീസില്‍.  

നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുലുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സെടുത്തു.  രോഹിത് 61 പന്തുകളില്‍ 111 റണ്‍സും രാഹുല്‍ 14 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 43 റണ്‍സെടുത്തു. അലനും ഖാരിക്കുമാണ് വിക്കറ്റ്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 49റണ്‍സ് എടുത്തു. പിന്നാലെ ഇരുവരും കത്തിക്കയറിയപ്പോള്‍ ഇന്ത്യ വേഗം ട്രാക്കിലായി. ഇതേസമയം ബ്രാത്ത്‌വെയ്റ്റ് എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ധവാനെ പോള്‍ നിലത്തിട്ടത് വിന്‍ഡീസിന് തിരിച്ചടിയായി. 

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റണ്‍സിലെത്തി. പിന്നാലെ രോഹിത് അര്‍ദ്ധ സെഞ്ചുറി തികച്ചു. 38 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സുകളും ചേര്‍ന്നതായിരുന്നു രോഹിതിന്‍റെ അമ്പത്. എന്നാല്‍ 14-ാം ഓവറില്‍ പൂരാന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ധവാന്‍ പുറത്തായി. 16-ാം ഓവറിലെ രണ്ടാം പന്തില്‍ റിഷഭ് പന്തിനെയും(5) പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചു. 

എന്നാല്‍ വിറയ്ക്കാതെ കളിച്ച രോഹിതും നാലാമനായെത്തിയ കെ.എല്‍ രാഹുലും വിന്‍ഡീസിന് തിരിച്ചടി നല്‍കി. 19-ാം ഓവറിലെ നാലാം പന്തില്‍ രാഹുലിനെ മിഡ് ഓണില്‍ പൊള്ളാര്‍ഡ് നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി. പിന്നാലെ രോഹിതിന്‍റെ സെഞ്ചുറി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. ബ്രാത്ത്‌വെയ്റ്റിന്‍റെ അവസാന ഓവറിലായിരുന്നു രോഹിത് നൂറ് കടന്നത്. എട്ട് ഫോറും ഏഴ് സിക്സും രോഹിതിന്‍റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം