രോഹിതിന് സെഞ്ചുറി, മിന്നലായി രാഹുല്‍; വിന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം

By Web TeamFirst Published Nov 6, 2018, 8:43 PM IST
Highlights

ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത് തകര്‍പ്പന്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കെ.എല്‍ രാഹുലും മിന്നലായി. 

ലക്‌നൗ; ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ വിന്‍ഡീസിന് 196 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സെടുത്തു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുലുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. രോഹിത് 61 പന്തുകളില്‍ 111 റണ്‍സും രാഹുല്‍ 14 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ധവാന്‍ 43 റണ്‍സെടുത്തു. അലനും ഖാരിക്കുമാണ് വിക്കറ്റ്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 49റണ്‍സ് എടുത്തു. പിന്നാലെ ഇരുവരും കത്തിക്കയറിയപ്പോള്‍ ഇന്ത്യ വേഗം ട്രാക്കിലായി. ഇതേസമയം ബ്രാത്ത്‌വെയ്റ്റ് എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ധവാനെ പോള്‍ നിലത്തിട്ടത് വിന്‍ഡീസിന് തിരിച്ചടിയായി. 

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റണ്‍സിലെത്തി. പിന്നാലെ രോഹിത് അര്‍ദ്ധ സെഞ്ചുറി തികച്ചു. 38 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സുകളും ചേര്‍ന്നതായിരുന്നു രോഹിതിന്‍റെ അമ്പത്. എന്നാല്‍ 14-ാം ഓവറില്‍ പൂരാന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ധവാന്‍ പുറത്തായി. 16-ാം ഓവറിലെ രണ്ടാം പന്തില്‍ റിഷഭ് പന്തിനെയും(5) പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചു. 

എന്നാല്‍ വിറയ്ക്കാതെ കളിച്ച രോഹിതും നാലാമനായെത്തിയ കെ.എല്‍ രാഹുലും വിന്‍ഡീസിന് തിരിച്ചടി നല്‍കി. 19-ാം ഓവറിലെ നാലാം പന്തില്‍ രാഹുലിനെ മിഡ് ഓണില്‍ പൊള്ളാര്‍ഡ് നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി. പിന്നാലെ രോഹിതിന്‍റെ സെഞ്ചുറി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. ബ്രാത്ത്‌വെയ്റ്റിന്‍റെ അവസാന ഓവറിലായിരുന്നു രോഹിത് നൂറ് കടന്നത്. എട്ട് ഫോറും ഏഴ് സിക്സും രോഹിതിന്‍റെ ഇന്നിംഗ്സിലുണ്ടായിരുന്നു.

click me!