
ബീജിംഗ്: 21 വര്‍ഷത്തിന് ശേഷം ഫുട്ബോളില്‍ ഇന്ത്യ.ചൈന പോരാട്ടം. ചൈനയിലെ സുഷോയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിക്കാണ് മത്സരം. ചൈനീസ് വന്മതിലില്‍ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയില്‍ നീലപ്പട. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിന് മുന്നോടിയായുള്ള സുപ്രധാന സൗഹൃദമത്സരത്തിന് ഇറങ്ങുമ്പോള്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യ 97ആമത്. ചൈന 76ആം സ്ഥാനത്തും.
1997ല്‍ കൊച്ചിയിലെ നെഹ്റു കപ്പ് പോരാട്ടത്തിന് ശേഷം അയല്‍ക്കാര്‍ ഫുട്ബോള്‍ മൈതാനത്ത് മുഖാമുഖം വരുന്നതാദ്യം. ഇന്ത്യയുടെ സീനിയര്‍ ഫുട്ബോള്‍ ടീം ഇതിന് മുന്‍പ് ചൈനയില്‍ പന്തുതട്ടിയിട്ടുമില്ല. പതിവുനായകന്‍ സുനില്‍ ഛേത്രിക്ക് പകരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനാകും ചൈനയ്‌ക്കെതിരെ ഇന്ത്യയെ നയിക്കുക. അനസ് എടത്തൊടികയും ആഷിക് കുരുണിയനും ടീമിലെ മലയാളിതാരങ്ങള്‍.
"2006ല്‍ ഇറ്റലിയെ ലോകചാംപ്യന്മാരാക്കിയ പരിശീലകന്‍ മാഴ്‌സലോ ലിപ്പിയുടെ തന്ത്രങ്ങളിലാണ് ചൈനയുടെ പ്രതീക്ഷ. കഴിഞ്ഞ മാസം ഖത്തറിനോട് തോല്‍ക്കുകയും ബഹറിനെതിരെ ഗോള്‍രഹിതസമനിലയുമായി രക്ഷപ്പെടുകയും ചെയ്ത ചൈനയ്‌ക്ക് തോല്‍വിയെ കുറിച്ച് ചിന്തിക്കാനാകില്ല. മത്സരം വൈകിട്ട് 5ന് സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമ സംപ്രേക്ഷണം ചെയ്യും.
ഇന്ത്യയും ചൈനയും ഇതുവരെ 17 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 12 തവണയും ചൈനയ്‌ക്കായിരുന്നു ജയം. ബാക്കി 5 മത്സരങ്ങള്‍ സമനിലയായി. ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് യോഗ്യത എന്നത് സ്വപ്നമാണെങ്കില്‍ 2002ലെ ലോകകപ്പില്‍ കളിച്ചി അനുഭവ സമ്പത്ത് ചൈനക്കുണ്ട്. ലോക ഫുട്ബോളില്‍ വലിയ ശക്തിയല്ലെങ്കിലും ഏഷ്യയില്‍ ആദ്യ പത്തില്‍ എല്ലായ്പ്പോഴും ചൈനയുണ്ട്. ഏഷ്യയില്‍ 15-ാം റാങ്കിലാണ് ഇപ്പോള്‍ ഇന്ത്യ. ഫിഫ റാങ്കിംഗില്‍ 97-ാമതും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!