
യെമന്‍: പുതിയ വിപ്ലവങ്ങള്‍ മാറ്റെലി തീര്‍ക്കുന്ന ഇന്ത്യന്‍ ഫുട്ബോളില്‍ അണ്ടര്‍ 16 ടീമിന്‍റെ വിജയകാഹളം വീണ്ടും. അണ്ടര്‍ 16 വാഫ് ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ ദിവസം ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ വീഴ്ത്തിയ ഇന്ത്യ ഇത്തവണ യെമനെയാണ് മുട്ടുക്കുത്തിച്ചത്. ഇന്ത്യന്‍ കുട്ടികള്‍ ആഞ്ഞടിച്ചപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകളാണ് യെമന്‍ പോസ്റ്റില്‍ വീണത്.
ഹർപ്രീത് സിംഗ്, റിഡ്ജ് ദെമല്ലോ, രോഹിത് ദാനു എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. വാഫ് ടൂര്‍ണമെന്‍റില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്. കരുത്തരായ ജപ്പാനോട് മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. യെമനെതിരെ 38-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. ഗിവ്സൺ സിംഗ് എടുത്ത കോർണർ കിക്കിൽ ഹർപ്രീത് സിംഗ് ലക്ഷ്യം കണ്ടു.
ആദ്യ പകുതിക്ക് കഴിഞ്ഞതിന് പിന്നാലെ 48-ാം മിനിറ്റില്‍ ദെമല്ലോ ഇന്ത്യയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. രണ്ടു മിനിറ്റുകള്‍ക്ക് ശേഷം രോഹിത് ദാനു കൂടെ വലകുലുക്കിയതോടെ യെമന്‍റെ പതനം പൂര്‍ണമായി.
ഒരു ഗോളെങ്കിലും തിരിച്ചടിക്കാന്‍ യെമന്‍ ആവുംവിധം ശ്രമിച്ച് നോക്കിയെങ്കിലും സാധിച്ചില്ല. ഈ വിജയത്തോടെ ജപ്പാന് പിന്നില്‍ ടൂര്‍ണമെന്‍റില്‍ രണ്ടാം സ്ഥാനം നേടിയെടുക്കാന്‍ നീലപ്പടയക്ക് സാധിച്ചു. ജോര്‍ദാനെയും ഇറാഖിനെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!