
ബാഴ്സലോണ: സ്പാനിഷ് ലീഗിലും സ്പെയിനിലെ മറ്റ് കപ്പ് പോരാട്ടങ്ങളിലും വിജയം നുകരുമ്പോള്‍ ബാഴ്സലോണയ്ക്ക് കുറെക്കാലമായി ചാമ്പ്യന്‍സ് ലീഗ് എന്ന വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കടുത്ത വെെരികളായ റയല്‍ മാഡ്രിഡാണ് കഴിഞ്ഞ മൂന്ന് വട്ടമായി യൂറോപ്പിന്‍റെ ചക്രവര്‍ത്തികളായി അരങ്ങ് വാഴുന്നത്.
ഇത് കുറച്ചൊന്നുമല്ല കറ്റാലിയന്‍ ക്ലബ്ബിനെ വിഷമിപ്പിക്കുന്നത്. ഇത്തവണ അതിന് മാറ്റം കുറിക്കാന്‍ കൗമാര താരങ്ങള്‍ അടക്കം മികച്ച കളിക്കാരെ ടീമിനൊപ്പമെത്തിക്കാന്‍ ബാഴ്സയ്ക്ക് സാധിച്ചിട്ടുണ്ട്. ഇവരെല്ലാം പരിശീലനം തുടങ്ങിയിരുന്നെങ്കിലും ലോകകപ്പിന് ശേഷം ലിയോണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല.
പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് ബാഴ്സ പ്രീ സീസണ്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ലിയോണല്‍ മെസി വന്നതോടെ ടീം ആവേശത്തോടെയുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ്. കൂടാതെ, ഇവാൻ റാക്കിട്ടിച്ച്, സാമുവൽ ഉംറ്റിറ്റി, ലൂയിസ് സുവാരസ്, ഫിലിപെ കുടീഞ്ഞോ, യെറി മിന തുടങ്ങിയവും തിരിച്ചെത്തിയതോടെ ബാഴ്സലോണയുടെ പരിശീലനം പഴയ നിലയിലെത്തി.
കോച്ച് ഏണസ്റ്റോ വെൽവെർദേയുടെ മേൽനോട്ടത്തിലാണ് ബാഴ്സ താരങ്ങളുടെ പരിശീലനം. കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന അർതൂറോ വിദാലും ബാഴ്സയിൽ പരിശീലനം തുടങ്ങി. ഈ മാസം പത്തൊൻപതിന് അലാവസിനെതിരെയാണ് സ്പാനിഷ് ലീഗിൽ ബാഴ്സയുടെ ആദ്യ മത്സരം. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ മെസിക്ക് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നേടുകയെന്നാണ് ഏറ്റവും വലിയ വെല്ലുവിളിയായി മുന്നിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!