ഇന്ത്യാ-ന്യുസിലന്‍ഡ് ആദ്യ ടെസ്റ്റ് നാളെ

By Web DeskFirst Published Sep 21, 2016, 12:55 PM IST
Highlights

കാണ്‍പൂര്‍: ഇന്ത്യ-ന്യുസീലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ  കാൺപൂരില്‍ തുടക്കം.ടെസ്റ്റ് ചരിത്രത്തില്‍  ഇന്ത്യയുടെ അഞ്ഞൂറാം മത്സരം കൂടിയാണിത്. സ്പിന്നര്‍മാര്‍ക്കെതിരെ മെച്ചപ്പെട്ട പ്രകടനം ബാറ്റ്സ്മാന്മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്‌ലി പറ‍ഞ്ഞു. ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ ഇതിലും മികച്ച അവസരം ഇന്ത്യക്ക് കിട്ടില്ല.

ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന് യോജിക്കുന്ന പ്രകടനം കൊഹ്‌ലിപ്പടയിൽ നിന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. വെസ്റ്റിന്‍ഡീസിലെ പരമ്പര നേട്ടത്തിന്റെ ആവേശത്തിലെത്തുന്ന ടീം ഇന്ത്യ സ്പിന്നര്‍മാരിലൂടെ കിവികളെ കുരുക്കാന്‍ തന്നെയാകും ശ്രമിക്കുക. അഞ്ച് ബൗളര്‍മാരെന്ന ഇഷ്ട കോംബിനേഷന്‍ കൊഹ്‌ലി  ഇക്കുറിയും തുടര്‍ന്നേക്കും.

ഇതിഹാസതാരങ്ങള്‍ കുറവെങ്കിലും ടീമമെന്ന നിലയിലെ പോരാട്ടവീര്യമാണ് എക്കാലവും ന്യുൂസീലന്‍ഡിന്റെ കരുത്ത്. വില്ല്യംസൺ നയിക്കുന്ന ടീം കടലാസില്‍ ഇന്ത്യയുടെ അത്രയും കരുത്തരല്ലെങ്കിലും ശക്തമായ ചെറുത്തുനില്‍പ്പ് പ്രതീക്ഷിക്കാം. ആദ്യ ദിനം മുതല്‍ കുത്തിത്തിരിയുന്ന വിക്കറ്റല്ല കാൺപൂരിലേതെന്ന് ക്യൂറേറ്റര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യക്ക് തന്നെയാണ് മേൽക്കൈ. അഞ്ഞൂറാം ടെസ്റ്റിനോട് അനുബന്ധിട്ട് ഇന്ത്യയുടെ മുന്‍ നായകരെ ആദരിക്കുന്ന ചടങ്ങും ഗ്രീന്‍ പാര്‍ക്കിലെ സവിശേഷതയാകും.

click me!