മെല്‍ബണ്‍ ടെസ്റ്റ്: ഇനിയെല്ലാം ബൗളര്‍മാരുടെ കൈയില്‍; ഓസീസ് ബാറ്റിങ് ആരംഭിച്ചു

By Web TeamFirst Published Dec 27, 2018, 12:36 PM IST
Highlights

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി. 215ന് രണ്ട് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്ന് 228 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സ്‌ ഇന്നിങ്‌സ്‌ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും (3) മാര്‍കസ് ഹാരിസു (5)മാണ് ക്രീസില്‍. 

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെടുത്തിരുന്നു. എന്നാല്‍ ചായയ്ക്ക് ശേഷം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാന (34)യെ നഷ്ടമായി. നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രഹാനെ. പിന്നാലെ എത്തിയ ഋഷഭ് പന്തും (39), രോഹിത്തും സൂക്ഷ്മതയോടെയാണ് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. 86 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റണ്‍റേറ്റ് കൂട്ടിനാള്ള ശ്രമത്തില്‍ പന്ത് സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയെ (4) ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

215ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. അധികം വൈകാതെ പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കി. 319 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്‌സ്. സെഞ്ചുറി നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. 16 സെഞ്ചുറികളാണ് ഗാംഗുലിയുടെ പേരിലുള്ളത്. പരമ്പരയില്‍ രണ്ടാം തവണയാണ് പൂജാര സെഞ്ചുറി നേടുന്നത്. കോലി- പൂജാര സഖ്യം 160 റണ്‍സാണ് ഒന്നാം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കോലിയെ പുറത്താക്കി സ്റ്റാര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പന്ത് കളിക്കാനുള്ള ശ്രമത്തില്‍ തേര്‍ഡ്മാനില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. അധികം വൈകാതെ പൂജാരയും മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ പൂജാരയുടെ വിക്കറ്റ് തെറിച്ചു.

ഇന്നലെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ ഓപ്പണര്‍മാരായ അഗര്‍വാള്‍ - വിഹാരി സഖ്യം ആദ്യ വിക്കറ്റില്‍ 40 കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഹാരിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 66 പന്ത് നേരിട്ട വിഹാരിയെ കമ്മിന്‍സ് സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാരയും അഗര്‍വാളും മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 

ഇതില്‍ എടുത്ത് പറയേണ്ടത് മായങ്കിന്റെ ഇന്നിങ്‌സ് തന്നെയാണ്. ആദ്യ ടെസ്റ്റ് മാത്രം കളിക്കുന്ന കര്‍ണാടകക്കാരന്‍ തുടക്കകാരന്റെ പരിഭ്രമമൊന്നുമില്ലാതെയാണ് ബാറ്റേന്തിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ മായങ്കിനെ മടക്കിയയച്ച് കമ്മിന്‍സ് ഒരിക്കല്‍കൂടി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. കമ്മിന്‍സിന്റെ പന്ത് മായങ്കിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലേക്ക്. പിന്നാലെ പൂജാരയ്‌ക്കൊപ്പം ഒത്തുചേര്‍ന്ന കോലി ആദ്യം ദിനം പൂര്‍ത്തിയാക്കി. പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി.

click me!