ഏഷ്യാ കപ്പ്: വിറച്ചെങ്കിലും ഇന്ത്യ ജയത്തോടെ അരങ്ങേറി

By Web TeamFirst Published Sep 19, 2018, 1:18 AM IST
Highlights
  • ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോംഗിനോട് വിറച്ചെങ്കിലും ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ജയത്തോടെ അരങ്ങേറി. ഹോങ്കോംഗിനെ 26 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഹോങ്കോംഗിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ദുബായ്: ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോംഗിനോട് വിറച്ചെങ്കിലും ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ജയത്തോടെ അരങ്ങേറി. ഹോങ്കോംഗിനെ 26 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഹോങ്കോംഗിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. സ്‌കോര്‍ ഇന്ത്യ 285/7, ഹോങ്കോംഗ് 259/8

ഒരുഘട്ടത്തില്‍ ഹോങ്കോംഗ് ഇന്ത്യയെ അട്ടിമറിക്കുമെന്ന് കരുതിയിരുന്നു. 35ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് അവരുടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താന്‍ സാധിച്ചത്. അപ്പോഴേക്കും അവരുടെ അവര്‍ ബോര്‍ഡില്‍ 174 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. നിസാകത് ഖാന്‍ (115 പന്തില്‍ 92), അന്‍ഷുമാന്‍ റാത് (97 പന്തില്‍ 73) എന്നിവരാണ് ഇന്ത്യക്ക് ഭീഷണിയായ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയത്. എന്നാല്‍ റാത്തിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

പിന്നീട് പരിചയസമ്പത്തില്ലായ്മ ഹോങ്കോംഗിനെ വലച്ചു. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന നിസാകത്തിനെ ഖലീല്‍ അഹമ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ 22 റണ്‍സെടുത്ത എഹ്‌സാന്‍ ഖാന്‍ പൊരുതിനോക്കിയെങ്കിലും പരാജയപ്പെട്ടു. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്.  

നേരത്തെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും (120 പന്തില്‍ 127) അമ്പാട്ടി റായുഡുവിന്റെ അര്‍ധ സെഞ്ചുറി (70 പന്തില്‍ 60)യുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധവാന്റെ പതിനാലാം ഏകദിന സെഞ്ചുറിയാണിത്. 15 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ദിനേഷ് കാര്‍ത്തിക് (38 പന്തില്‍ 33), കേദാര്‍ ജാദവ് (27 പന്തില്‍ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കിഞ്ചിത് ഷാ ഹോങ്കോംഗിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

click me!