മന്ഥാനയും കൗറും തകര്‍ത്താടി; ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

By Web TeamFirst Published Nov 17, 2018, 10:13 PM IST
Highlights
  • ഓസ്‌ട്രേലിയക്കെതിരായ ടി20 വനിത ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. സ്മൃതി മന്ഥാന (55 പന്തില്‍ 83)യും ഹര്‍മന്‍പ്രീത് കൗറു (27 പന്തില്‍ 43)മാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ജോര്‍ജ്ടൗണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 വനിത ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. സ്മൃതി മന്ഥാന (55 പന്തില്‍ 83)യും ഹര്‍മന്‍പ്രീത് കൗറു (27 പന്തില്‍ 43)മാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ഓസീസിന് വേണ്ടി എല്ലിസ് പെറി മൂന്നും ഡെലിസ കിമ്മിന്‍സെ, ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഒമ്പത് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മന്ഥാന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. 68 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മൂന്ന് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ മറ്റൊരാള്‍ക്കും രണ്ടക്കം കാണാനായില്ല. താനിയ ഭാട്ടിയ (2), ജമീമ റോഡ്രിഗസ് (6), വേദ കൃഷ്ണമൂര്‍ത്തി (3), ദയാലന്‍ ഹേമലത (1), അരുന്ദതി റെഡ്ഡി (6), ദീപ്തി ശര്‍മ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാധ യാദവ് (1) പുറത്താവാതെ നിന്നു.

ഓസീസിനെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ്, ബൗളര്‍ മാന്‍സി ജോഷി എന്നിവര്‍ക്ക് വിശ്രമം നല്‍കി. അനുജ പാട്ടീല്‍, അരുന്ദതി റെഡ്ഡി എന്നിവരാണ് ഇരുവര്‍ക്കും പകരം ടീമിലെത്തിയത്.

ഇരു ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. മാത്രമല്ല, ഇരുവരും നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചതാണ്. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിന് ഇന്നത്തെ ഫലത്തെ ആശ്രയിച്ചായിരിക്കും.

click me!