
അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സായിരുന്നു ഇന്ത്യയ്‌ക്കു വേണ്ടിയിരുന്നതെങ്കിലും പന്ത് നേരിട്ട നായകന്‍ ധോണിക്ക് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഫലമോ ഇന്ത്യ, രണ്ടു റണ്‍സിന് സിംബാബ്‌വെയോട് തോറ്റു. സിംബാബ്‌വെ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടാനായത്.
മാഡ്സിവ എറിഞ്ഞ അവസാന ഓവറില്‍ ധോണിയും അക്ഷര്‍ പട്ടേലും ക്രീസില്‍ നില്‍ക്കെ ഇന്ത്യയ്‌ക്ക് ആറുപന്തില്‍ ജയിക്കാന്‍ എട്ടു റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ പന്തില്‍ ധോണി ഒരു റണ്‍സെടുത്തു. എന്നാല്‍ രണ്ടാമത്തെ പന്തില്‍ 18 റണ്‍സെടുത്തു നിന്ന അക്ഷര്‍ പട്ടേല്‍ ക്യാച്ച് നല്‍കി പുറത്തായി. സ്‌ട്രൈക്ക് ലഭിച്ച ധോണി വീണ്ടും സിംഗിള്‍ എടുത്തതോടെ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ മൂന്നു പന്തില്‍ ആറു റണ്‍സ് എന്ന നിലയിലെത്തി. അടുത്ത പന്തില്‍ റിഷി ധവാന് റണ്‍സ് നേടാനായില്ല. അടുത്ത പന്ത് വൈഡ് ആയി. അഞ്ചാമത്തെ പന്തില്‍ ധവാന്‍ ഒരു സിംഗിള്‍ നേടി. ഇതോടെ അവസാന പന്തില്‍ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ നാലു റണ്‍സ് എന്ന നിലയിലായി. ബാറ്റു ചെയ്യാന്‍ ക്രീസിലുള്ള സാക്ഷാല്‍ ധോണി. ഓഫ് സൈഡില്‍ വന്ന പന്ത് ബൗണ്ടറിയടിക്കാനുള്ള ധോണിയുടെ ശ്രമം സിംഗിളില്‍ ഒതുങ്ങി. ഇതോടെ സിംബാബ്‌വെക്കാര്‍ വിജയാഹ്ലാദത്തിന് തിരികൊളുത്തിയിരുന്നു. 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മാന്‍ദീപ് സിങ് 31 റണ്‍സെടുത്തപ്പോള്‍ നായകന്‍ എം എസ് ധോണി 19 റണ്‍സുമായി പുറത്താകാതെ നിന്നു. സിംബാബ്‌വെയ്‌ക്കുവേണ്ടി ചാമു സിഭാഭ, ടൗറൈ മുസാറബാനി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ആറിന് 170 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ 54 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 54 റണ്‍സെടുത്ത ചിഗുംബുര ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ചു. മാല്‍കോം വാളര്‍ 30 റണ്‍സെടുത്തപ്പോള്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സ 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ചിഗുംബുര നടത്തിയ വെടിക്കെട്ടാണ് സിംബാബ്‌വെയുടെ സ്‌കോര്‍ 170ല്‍ എത്തിച്ചത്. അവസാനത്തെ ഓവറില്‍ ബംറയ്ക്കെതിരെ രണ്ടു സിക്‌സര്‍ പായിച്ച ചിഗുംബുര പത്തൊമ്പതാമത്തെ ഓവറില്‍ ഉനദ്കതിനെതിരെ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. ഇന്ത്യയ്‌ക്കു വേണ്ടി ജസ്‌പ്രിത് ബംറ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
എല്‍ട്ടണ്‍ ചിഗുംബുരയാണ് മാന്‍ ഓഫ് ദ മാച്ച്.
പരമ്പരയിലെ അടുത്ത മല്‍സരം ജൂണ്‍ 20ന് ഹരാരെയില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!