ഓസ്‌ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹെൻറിക്വസ്, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു.
ലിസ്ബൺ: 2028 ടി20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ മത്സരങ്ങൾക്കായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ പോർച്ചുഗൽ ക്രിക്കറ്റ് ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിച്ച 39-കാരനായ താരം പോർച്ചുഗീസ് വംശജൻ കൂടിയാണ്.
ഓസ്‌ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹെൻറിക്വസ്, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. 300-ലധികം ടി20 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് താരം പോർച്ചുഗലിനെ നയിക്കാനിറങ്ങുന്നത്.
യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ ഗ്രൂപ്പിൽ പോർച്ചുഗലിനൊപ്പം ഇസ്രായേൽ, ജർമ്മനി, ഗ്രീസ്, ചെക്കിയ ടീമുകളാണുള്ളത്. ഓഗസ്റ്റ് 14-ന് ഇസ്രായേലിനെതിരെയാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിലെ വിജയികൾ ഗ്രൂപ്പ് എ വിജയികളുമായി ഓഗസ്റ്റ് 21-ന് ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവർ സ്കോട്ട്‌ലൻഡ്, ഡെൻമാർക്ക് ഉൾപ്പെടുന്ന യൂറോപ്യൻ റീജിയണൽ ഫൈനലിലേക്ക് യോഗ്യത നേടും.
ഐസിസി ടി20 റാങ്കിംഗിൽ നിലവിൽ 37-ാം സ്ഥാനത്തുള്ള പോർച്ചുഗലിനെ ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിന് യോഗ്യത നേടാൻ സഹായിക്കുക എന്ന വലിയ ദൗത്യമാണ് ഹെൻറിക്വസിന് മുന്നിലുള്ളത്. ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് 2028 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
