കായിക താരങ്ങളെ സംസ്ഥാനസര്‍ക്കാര്‍ പറ്റിച്ചു, പ്രഖ്യാപിച്ച പാരിതോഷികം നല്‍കിയില്ല

By Web DeskFirst Published Jun 18, 2016, 8:34 AM IST
Highlights

ദേശീയ  സ്കൂള്‍ കായിക മേളയില്‍  കേരളത്തിന്  മികച്ച നേട്ടം ഉണ്ടാക്കിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡുകള്‍ നാല് വര്‍ഷമായി നല്‍കിയില്ല.. 100 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് പണം ലഭിക്കാനുള്ളത്.

 2012 – മുതല്‍ 2015 വരെയുള്ള 4  ദേശീയ സ്കൂള്‍ മീറ്റുകളില്‍ പങ്കെടുത്ത  കായിക താരങ്ങളെയാണ് സര്‍ക്കാര്‍  അവഗണിച്ചത്. 100ല്‍ അധികം  കായിക താരങ്ങള്‍ക്കും 30 പരിശീലകര്‍ക്കുമാണ് പ്രഖ്യാപിച്ച  പണം നല്‍കാത്തത്. ദേശീയ സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ക്ക് 30000, വെള്ളി നേടിയവര്‍ക്ക് 25000  , വെങ്കലം നേടിയവര്‍ക്കും പരിശീലകര്‍ക്കും 20000 എന്നിങ്ങനെ പാരിതോഷികം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പാലക്കാട് ജില്ലയില്‍ മാത്രം 45 കായിക താരങ്ങള്‍ക്ക് പണം ലഭിക്കാനുണ്ട്. സര്‍ക്കാരിന്‍റെ നടപടിയില്‍ നിരാശയുണ്ടെന്ന് കേരളാ താരം കെ ടി നീനയും പി.എന്‍ അജിത്തും പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്‍റെ വാഗ്ദാനം വിശ്വസിച്ച് വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ്. പണം ആരു നല്‍കണമെന്നതില്‍ കായിക - പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കോഴിക്കോട് നടന്ന 2015 ലെ  ദേശീയ സ്കൂള്‍ കായിക മേളയില്‍ 39 സ്വര്‍ണ്ണം നേടിയായിരുന്നു കേരളം ചാമ്പ്യന്‍മാരായത്. മറ്റ് സംസ്ഥാനങ്ങള്‍ കായിക താരങ്ങള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കി മാതൃകയാകുമ്പോഴാണ് കേരളം  താരങ്ങളോട് നീതികേട് കാണിക്കുന്നത്.

click me!