നിദാഹസ് ട്രോഫി; സാബിറിന്റെ വെടിക്കെട്ട്, ഇന്ത്യയുടെ വിജയലക്ഷ്യം 167

By Web DeskFirst Published Mar 18, 2018, 8:30 PM IST
Highlights
  • ചാഹലിന് മൂന്ന് വിക്കറ്റ്.
  • സാബിര്‍ റഹ്മാന് അര്‍ധ സെഞ്ചുറി.

കൊളംബൊ: നിദാഹസ് ത്രിരാഷ്ട്ര ട്വന്റി20 ഫൈനലില്‍ ബംഗ്ലാദേശിനേതിരേ ഇന്ത്യക്ക് 167 റണ്‍സ് വിജയലക്ഷ്യം. മധ്യനിരയുടെ തകര്‍ച്ചയ്ക്ക് ശേഷം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് ക്ഷണിച്ചു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ 27ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. തമീം ഇഖ്ബാല്‍ (15), ലിറ്റണ്‍ ദാസ് (11) എന്നിവരെ യഥാക്രമം ചാഹലും വാഷിങ്ടണ്‍ സുന്ദറും പുറത്താക്കി.

പിന്നീട് 77 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും പിന്തുണ നല്‍കാന്‍ സാധിച്ചില്ല. സൗമ്യ സര്‍ക്കാര്‍ (1), മുഷ്ഫികുര്‍ റഹീം (9) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പ് മടങ്ങി. ചാഹല്‍ ഇരുവരേയും പറഞ്ഞയച്ചു. ഇതോടെ 68ന് നാല് എന്ന നിലയില്‍ തകര്‍ന്നു ബംഗ്ലാ കടുവകള്‍. പിന്നീട് മഹ്മുദുള്ള (21) സാബിര്‍ റഹ്മാന്‍ എന്നിവരുടെ പ്രകടനം ബംഗ്ലാദേശിന് ആശ്വാസം നല്‍കി. 

എന്നാല്‍ മഹ്മുദുള്ള റണ്‍ഔട്ടായത് ബംഗ്ലാദേശിന് ക്ഷീണം ചെയ്തു. പിന്നീടെത്തിയ ഷാക്കിബ് അല്‍ ഹസനും മഹ്മുദുള്ളയുടെ വിധിയായിരുന്നു. ഏഴ് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ റണ്ണൗട്ടായി. മെഹ്ദി ഹസന്‍ (19), മുസ്തഫിസുര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ഉനദ്കട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് വഴങ്ങിയ പേസര്‍ മുഹമ്മദ് സിറാജിന് പകരം ജയ്‌ദേവ് ഉനദ്കട്ടിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിനെ ബംഗ്ലാദേശ് നിലനിര്‍ത്തിയിട്ടുണ്ട്.
 

click me!