വലനിറച്ച് ആഷിഖും ചാങ്തെയും; സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Published : Sep 05, 2018, 09:11 PM ISTUpdated : Sep 10, 2018, 03:24 AM IST
വലനിറച്ച് ആഷിഖും ചാങ്തെയും; സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Synopsis

കളിയില്‍ പൂര്‍ണമായി മേധാവിത്വം പുലര്‍ത്തിയ ഇന്ത്യക്ക് മുന്നില്‍ ശ്രീലങ്കന്‍ സംഘത്തിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല. ഭാഗ്യം കൂടെ തുണച്ചിരുന്നെങ്കില്‍ ഒരു ഡസന്‍ ഗോളുകള്‍ എങ്കിലും ഇന്ത്യയ്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു

ധാക്ക: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും വിജയം. ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓറഞ്ച് കുപ്പായത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യക്കായി മലയാളി താരം ആഷിഖ് കരുണിയനും (35) ലാലിയന്‍സ്വാല ചാങ്തെയുമാണ് (47) ശ്രീലങ്കന്‍ വല തുളച്ചത്.

കളിയില്‍ പൂര്‍ണമായി മേധാവിത്വം പുലര്‍ത്തിയ ഇന്ത്യക്ക് മുന്നില്‍ ശ്രീലങ്കന്‍ സംഘത്തിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല. ഭാഗ്യം കൂടെ തുണച്ചിരുന്നെങ്കില്‍ ഒരു ഡസന്‍ ഗോളുകള്‍ എങ്കിലും ഇന്ത്യക്ക് സ്കോര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ആഷിഖിന്‍റെ ഗോളില്‍ 35-ാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി.

സുമീത് പാസിയുടെ പാസ് സ്വീകരിച്ച് ആഷിഖ് പന്തുമായി ബോക്സിനുള്ളില്‍ കയറി മനോഹരമായ ഷോട്ടിലൂടെയാണ് ആദ്യ ഗോള്‍ പേരിലെഴുതിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചാങ്തെയിലൂടെ രണ്ടാം ഗോളും ഇന്ത്യ സ്വന്തമാക്കി.

ജര്‍മന്‍പ്രീത് സിംഗ് നല്‍കിയ പന്തുമായി ഇടതു വിംഗില്‍ മിന്നുന്ന കുതിപ്പ് നടത്തിയ ചാങ്തെ അസാധ്യമായ ആംഗിളില്‍ നിന്ന് തൊടുത്ത ഷോട്ടിന് മുന്നില്‍ ശ്രീലങ്കന്‍ ഗോള്‍ കീപ്പര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഒരു മാസത്തെ വിദേശ പരിശീലനത്തിന് ശേമാണ് സാഫ് കപ്പില്‍ ഇന്ത്യ ബൂട്ട് കെട്ടുന്നത്.

മുന്നേറ്റ നിര താരം സുമീത് പാസി ഒഴികെ അണ്ടര്‍ 23 താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. ഞായറാഴ്ച മാലിദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സാഫ് കപ്പിലെ പോരാട്ടം നടക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. 15ന് കലാശ പോരാട്ടം അരങ്ങേറും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത