
വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റില്‍ ജയിക്കില്ലെന്ന് ഉറപ്പാക്കിയ ഇംഗ്ലണ്ട് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് മുട്ടി നില്‍ക്കുന്നു. 405 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഹസീബ് ഹമീദും ചേര്‍ന്ന് 50 ഓവര്‍ പ്രതിരോധിച്ചു നിന്നു. ഒടുവില്‍ 51-ാം ഓവറില്‍ ഹസീബിനെ(25) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ തന്നെ ഇംഗ്ലീഷ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി. നാലാം ദിനത്തിലെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ കുക്കിനെ(54) വിക്കറ്റിന് മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ഇതുവരെയും ലഭിക്കാത്ത പിച്ചില്‍ അവസാന ദിവസം ജയത്തിനായി ഇംഗ്ലണ്ടിന് വേണ്ടത് 318 റണ്‍സ്. ഇന്ത്യക്ക് വേണ്ടത് എട്ടു വിക്കറ്റും.
വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി പ്രതീക്ഷിച്ചാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. 26 റണ്‍സെടുത്ത അജിങ്ക്യാ രഹാനെ ബ്രോഡിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങിയതിന് പിന്നാലെ 81 റണ്‍സില്‍ കൊഹ്‌ലിയെ സ്റ്റോക്സ് സ്ലിപ്പില്‍ പറന്നുപിടിച്ചതോടെ ഇന്ത്യ തകര്‍ച്ച തുടങ്ങി. അശ്വിനും(7), സാഹയും(2), ജഡേജയും(14) ഉമേഷ് യാദവും(0) പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ 200 പോലും കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ അവസാന വിക്കറ്റില്‍ മുഹമ്മദ് ഷാമിയെ(19) കൂട്ടുപിച്ച് ജയന്ത് യാദവ്(27 നോട്ടൗട്ട്) നടത്തിയ പോരാട്ടം ഇന്ത്യയെ 200 കടത്തി. 204 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ ഇംഗ്ലണ്ടിന് സമ്മാനിച്ച് 405 റണ്‍സിന്റെ വിജയലക്ഷ്യം.
ജയിക്കില്ലെന്ന് ഉറപ്പുള്ള ഇംഗ്ലണ്ട് ക്രീസിലിറങ്ങിയപ്പോള്‍ എങ്ങനെയും പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇതിനിടെ ഇന്ത്യയുടെ രണ്ട് റിവ്യൂകളും പിഴച്ചതും വിനയായി. 50 ഓവര്‍ പ്രതിരോധിച്ചു നിന്ന ഇംഗ്ലണ്ട് വിജയതുല്യ സമനില നേടുമെന്ന് ഉറപ്പിച്ചുനില്‍ക്കെയാണ് ഹസീബ് ഹമീദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഒരിക്കല്‍ കൂടി പ്രതീക്ഷ നല്‍കിയത്. പിന്നാലെ കുക്കിനെ ജഡേജയും വീഴ്ത്തിയതോടെ അഞ്ചാം ദിനം വിജയത്തിലേക്ക് ലക്ഷ്യമിട്ട് ഇന്ത്യക്ക് പന്തെറിയാനാവും.
സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നുമില്ലെങ്കിലും പിച്ചിലെ അസന്തുലിതമായ ബൗണ്‍സിലാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രതീക്ഷ. എങ്കിലും ജോ റൂട്ടും ബെന്‍ സ്റ്റോക്സും ജോണി ബെയര്‍സ്റ്റോയും അടക്കമുള്ള ബാറ്റ്സ്മാന്‍മാരെ എങ്ങനെ മറികടക്കാനാവുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!