ഏഷ്യാകപ്പ് ഫുട്ബോള്‍ യോഗ്യത: ഇന്ത്യ എളുപ്പ ഗ്രൂപ്പില്‍

By Web DeskFirst Published Jan 24, 2017, 3:56 AM IST
Highlights

മൂന്ന് പതിറ്റാണ്ടിന് ശേഷം യോഗ്യതാ റൗണ്ട് ജയിച്ച് ഏഷ്യാകപ്പില്‍ കളിക്കാനുള്ള അവസരമാണ് ടീം ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. മിന്നും പ്രകടനങ്ങളിലൂടെ ഫിഫ റാങ്കിങ്ങിലുണ്ടാക്കിയ മുന്നേറ്റമാണ് ഏറെക്കുറെ എളുപ്പമുള്ള ഗ്രൂപ്പ് ലഭിക്കാന്‍ ഇന്ത്യക്ക് തുണയായത്. കിര്‍ഗിസ്ഥാന്‍, മ്യാന്‍മര്‍, മക്കാവു എന്നിവരാണ് ഇന്ത്യക്ക് പുറമെ എ ഗ്രൂപ്പിലുള്ളത്. റാങ്കിങ്ങില്‍ 5 സ്ഥാനം മുന്നിലുള്ള കിര്‍ഗിസ്ഥാനാണ് ഗ്രൂപ്പിലെ പ്രധാന വെല്ലുവിളി. ലോക റാങ്കിങ്ങില്‍ കിര്‍ഗിസ്ഥാന്‍ 124ആം സ്ഥാനത്തും ഇന്ത്യ 129ആം സ്ഥാനത്തുമാണ്. 159ആം സ്ഥാനത്തുള്ള മ്യാന്‍മറിന്റെയും 184ആം സ്ഥാനത്തുള്ള മക്കാവുവിന്റെയും വെല്ലുവിളി നിലവിലെ ഫോമില്‍ ടീം ഇന്ത്യക്ക് പ്രശ്‌നമാവില്ല. ആകെ ആറ് ഗ്രൂപ്പുകളാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരക്കുന്നത്. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക്  അന്തിമ പോരാട്ടത്തിലേക്ക് യോഗ്യത നേടാം. 1984ലാണ് ഇതിന് മുമ്പ് യോഗ്യതാ റൗണ്ട് ജയിച്ച് ടീം ഇന്ത്യ ഏഷ്യാ കപ്പില്‍ കളിച്ചത്. എഎഫ്‌സി ചലഞ്ച് കപ്പിലെ ജയത്തിലൂടെയായിരുന്നു 2011ല്‍ ടൂര്‍ണമെന്റില്‍ കളിച്ചത്. മാര്‍ച്ച് 28നാണ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക. യുഎഇയാണ് 2019ലെ ഏഷ്യാകപ്പിന് ആതിഥേയം വഹിക്കുന്നത്.

click me!