ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്കെതിരെ അത്ഭുതം കാട്ടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം

By Web TeamFirst Published Aug 5, 2018, 12:18 PM IST
Highlights

ഇന്ത്യൻ ടീമിന്‍റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് വെനസ്വേലൻ കോച്ച് മാർകോസ് മത്യാസ് പ്രതികരിച്ചു

യൂത്ത് ഫുട്ബോളിൽ ഇന്ത്യക്ക് അഭിമാന നേട്ടം. സ്പെയ്നിൽ നടക്കുന്ന അണ്ടർ 20 ടൂർണമെന്റിൽ ഇന്ത്യ കരുത്തരായ വെനസ്വേലയെ സമനിലയിൽ തളച്ചു. സ്‌പെയ്‌നില്‍ നടക്കുന്ന അണ്ടര്‍ 20 കോടിഫ് കപ്പിലാണ് ഇന്ത്യ, ലാറ്റിനമേരിക്കൻ ശക്തികളായ വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചത്. 

നിലവിലെ ഫിഫ അണ്ടർ 20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പാണ് വെനസ്വേല. കഴിഞ്ഞ വർഷം തെക്കൻ കൊറിയയിൽ നടന്ന ലോകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് ഒറ്റ ഗോളിനാണ് വെനസ്വേല തോറ്റത്. ഇന്ത്യൻ ടീമിന്‍റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് വെനസ്വേലൻ കോച്ച് മാർകോസ് മത്യാസ് പ്രതികരിച്ചു.

ഇതേസമയം, ഇന്ത്യ ജോർദാനിൽ നടക്കുന്ന അണ്ടർ 16 ചാമ്പ്യന്‍ഷിപ്പിൽ ജപ്പാനോട് പൊരുതിത്തോറ്റു. ക്യാപ്റ്റൻ വിക്രം പ്രതാപ് സിംഗിന്‍റെ ഈ ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. ജപ്പാനെതിരെ ഫുട്ബോളിൽ ഇന്ത്യ 37 വർഷത്തിന് ശേഷം നേടുന്ന ആദ്യ ഗോൾ.1981ലെ മെർദേക്ക ട്രോഫിയിൽ ഷബീർ അലിയും മനോരഞ്ജൻ ഭട്ടാചാര്യയുമാണ് ഇതിന് മുൻപ് ജപ്പാനെതിരെ ഇന്ത്യയുടെ ഗോളുകൾ നേടിയത്. 

കുറാബ കോൺഡോ, ഷോജി തൊയാമ എന്നിവരുടെ ഗോളുകൾക്കായിരുന്നു ജപ്പാന്‍റെ ജയം. കരുത്തരായ ജപ്പാനതിരെയുള്ള പ്രകടനം ടീമിന്‍റെ ആത്മവിശ്വാസം കൂട്ടുന്നതാണെന്ന് ഇന്ത്യൻ കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു. ആദ്യ കളിയിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളിന് ജോർദാനെ തോല്‍പ്പിച്ചിരുന്നു.

click me!