
ബംഗലൂരു:ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരു നേടുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്ന് കുംബ്ലെ ക്രിക്കറ്റ് നെക്സ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അവസരങ്ങള്‍ നഷ്ടമാക്കിയെങ്കിലും ഓസ്ട്രേലിയയില്‍ പരമ്പര നേടാന്‍ ഇത് ഇന്ത്യക്ക് സുവര്‍ണാവസരമാണ്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ജയിക്കാവുന്ന സാഹചര്യങ്ങളും അവസരങ്ങളും നമുക്കുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ നമുക്ക് ചില പിഴവുകള്‍ പറ്റി. ഓസ്ട്രേലിയയില്‍ ഇതാവര്‍ത്തിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്ക് തന്നെയാണ് സാധ്യത.
ഓസ്ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി പരമ്പര നേടുന്ന ഇന്ത്യന്‍ ടീമാവുമിതെന്നും കുംബ്ലെ പറഞ്ഞു. 2-1ന് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്നാണ് കുംബ്ലെയുടെ പ്രവചനം. റിഷഭ് പന്തിനെ ഏഴാം നമ്പറില്‍ ബാറ്റിംഗിനയച്ച് അശ്വിനെ ആറാം നമ്പറില്‍ ഇറക്കുന്നതാവും ഉചിതമെന്നും കുംബ്ലെ വ്യക്തമാക്കി. ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് അശ്വിനായിരിക്കണം.
ഓസീസ് ബാറ്റിംഗ് നിരയില്‍ നിരവധി ഇടം കൈയന്‍മാരുണ്ടെന്നത് അശ്വിന് മുതലെടുക്കാനാവും. ബൂമ്രയും ഷാമിയും ഇഷാന്ത് അല്ലെങ്കില്‍ ഭവനേശ്വര്‍ കുമാര്‍ ഇവരായിരിക്കണം പേസ് ബൗളിംഗിലെ ആദ്യ ചോയ്സ്. ഹനുമാ വിഹാരിയോ രോഹിത് ശര്‍മയോ ആരെങ്കിലും ഒരാള്‍ മാത്രമെ ടീമില്‍ ഇടം നേടാന്‍ സാധ്യതതയുള്ളു. വിഹാരിയുടെ ഓഫ് സ്പിന്‍ അദ്ദേഹത്തിന് സാധ്യത നല്‍കുന്നുവെന്നും കുംബ്ലെ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!