പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുൻപ് ഈ വിവരം പുറത്തായതോടെ ആ ഭാഗം നീക്കം ചെയ്ത് പിസിബി വീണ്ടും വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
ലാഹോര്‍:പാകിസ്ഥാന്‍റെ ലോകകപ്പ് പങ്കാളിത്തത്തെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടയിൽ, ടീമിന്‍റെ യാത്രാവിവരങ്ങള്‍ ലീക്കായി. എന്നാൽ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുൻപ് ഈ വിവരം പുറത്തായതോടെ ആ ഭാഗം നീക്കം ചെയ്ത് പിസിബി വീണ്ടും വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര പൂര്‍ത്തിയായശേഷം ഫെബ്രുവരി 2-ന് പാകിസ്ഥാൻ ടീം ശ്രീലങ്കയിലേക്ക് തിരിക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട20 ലോകകപ്പില്‍ കളിക്കാനായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം എയർ ലങ്ക വിമാനത്തിൽ പാകിസ്ഥാൻ ടീമും ശ്രീലങ്കയിലേക്ക് തിരിക്കുമെന്ന വാർത്തകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ (പി.സി.ബി) ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് പുറത്തുവന്നത്. എന്നാൽ, തൊട്ടുപിന്നാലെ ഈ ഭാഗം വാര്‍ത്താക്കുറിപ്പിൽ നിന്ന് ഒഴിവാക്കി പി.സി.ബി പുതുക്കി പ്രസിദ്ധീകരിച്ചു. വാർത്തകൾ ചോർന്നതാണോ അതോ ബോർഡിനുള്ളിലെ ആശയക്കുഴപ്പമാണോ ഇതിന് പിന്നിലെന്ന ചർച്ചകൾ ഇതോടെ സജീവമായി. പല പാക് മാധ്യമപ്രവർത്തകരും ടീമിന്‍റെ യാത്രാവിവരങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് തുടങ്ങാനിരിക്കെ ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യം പാകിസ്ഥാന്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ചയോടെ പാകിസ്ഥാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ടീമിന്‍റെ യാത്രാരേഖകള്‍ പിസിബി അബദ്ധത്തില്‍ പുറത്തുവിട്ടത്. ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനെ തുടര്‍ന്നവ് ബംഗ്ലാദേശിനെ ടൂര്‍ണമെന്‍റില്‍ നിന്ന് ഐസിസി പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകികിസ്ഥാനും ലോകകപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണി മുഴക്കിയത്.
ഇതിനിടെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് സെമി ഫൈനലിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ പാകിസ്ഥാൻ എന്ത് ചെയ്യും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചാൽ പാകിസ്ഥാനെ കാത്തിരിക്കുന്നത് കനത്ത ഉപരോധങ്ങളും സാമ്പത്തിക നഷ്ടവുമാണ്. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിനൊപ്പം ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ എന്നന്നേക്കുമായി ഒറ്റപ്പെടാനും കാരണമായേക്കാം.
