- Home
- Sports
- Cricket
- ഗ്രീൻഫീല്‍ഡ് ഇന്ത്യയുടെ 'കോട്ട', അടിതെറ്റിയത് ഒരേയൊരു തവണ, കാര്യവട്ടത്തെ ത്രസിപ്പിച്ച റെക്കോർഡുകൾ അറിയാം
ഗ്രീൻഫീല്‍ഡ് ഇന്ത്യയുടെ 'കോട്ട', അടിതെറ്റിയത് ഒരേയൊരു തവണ, കാര്യവട്ടത്തെ ത്രസിപ്പിച്ച റെക്കോർഡുകൾ അറിയാം
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കും. ലോകകപ്പിന് മുമ്പുള്ള ഫൈനല്‍ പോരാട്ടത്തില്‍, സ്റ്റേഡിയത്തിലെ ഇന്ത്യയുടെ റെക്കോർഡ് എങ്ങെനെയെന്ന് നോക്കാം.

ലോകകപ്പിന് മുമ്പൊരു ഫൈനല്‍ പോര്
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമ്പോള്‍ ടി20 ലോകകപ്പിന് മുമ്പൊരു ഫൈനല്‍ പോരാട്ടമാണ് ഇരു ടീമുകള്‍ക്കും ഇത്. ടി20 പരമ്പര 3-1 ന് സ്വന്തമാക്കിയെങ്കിലും, അവസാന മത്സരവും ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാനാവും സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.
എട്ട് വർഷത്തിന് ശേഷം വീണ്ടും അതേ പോരാട്ടം
2017 നവംബർ 7-നായിരുന്നു കാര്യവട്ടത്തെ ആദ്യ രാജ്യാന്തര മത്സരം നടന്നത്. അന്നും ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് തന്നെയായിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും കിവികൾ അതേ മൈതാനത്ത് എത്തുമ്പോൾ ചരിത്രവും ആവേശവും ഇരട്ടിക്കുകയാണ്. 55,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ 2023 നവംബറിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്.
ഗ്രീൻഫീൽഡ് ഇന്ത്യയുടെ 'കോട്ട'
കാര്യവട്ടത്ത് ഇതുവരെ കളിച്ച നാല് ടി20 മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ഇന്ത്യയ്ക്ക് ഇവിടെ 75 ശതമാനം വിജയ റെക്കോർഡുണ്ട്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ജയിച്ചാല്‍ ഇത് 80 ശതമാനമായി ഉയരും. കാര്യവട്ടം ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടെന്ന വിശഷണത്തിനും അര്‍ഹമാവും.
2017ല്‍ ജയിച്ചു തുടങ്ങി
കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതുവരെ 4 മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ആദ്യ മത്സരം. മഴ വില്ലനായ ആ മത്സരം എട്ടോവര്‍ വീതമാക്കി വെട്ടിക്കുറച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് എട്ടോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെ നേടാനായുള്ളു. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയായിരുന്നു ബാറ്റിംഗില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ടോവറില്‍ 9 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയായിരുന്നു കളിയിലെ താരം.
അടി തെറ്റിയത് വിന്‍ഡീസിന് മുന്നില്‍
2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഇന്ത്യ കാര്യവട്ടത്ത് രണ്ടാം ടി20 മത്സരം കളിച്ചത്. അന്ന് 30 പന്തില്‍ 54 റണ്‍സെടുത്ത ശിവം ദുബെയുടെ അര്‍ധസെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റൺസെടുത്തപ്പോള്‍ വിനഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 45 പന്തില്‍ 67 റണ്‍സെടുത്ത ലെന്‍ഡള സിമണ്‍സും 35 പന്തില്‍ 40 റണ്‍സെടുത്ത എവിന്‍ ലൂയിസും 14 പന്തില്‍ 23 റണ്‍സടിച്ച ഷിമ്രോണ്‍ ഹെറ്റ്മെയറും 18 പന്തില്‍ 38 റണസെടുത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത നിക്കൊളാസ് പൂരനുമാണ് കാര്യവട്ടത്ത് ഇന്ത്യയെ കണ്ണീര്‍ കുടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട അര്‍ഷ്ദീപ്
2022ലായിരുന്നു കാര്യവട്ടത്ത് ഇന്ത്യ മൂന്നാമത്തെ ടി20 മത്സരം കളിക്കാനിറങ്ങിയത്. ദക്ഷിണാഫ്രിക്കയായിരുന്നു അന്ന് എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെ നേടാനായുള്ളു. നാലോവറില്‍ 32 റണ്‍സിന് 3 വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗായിരുന്നു ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയെ പൂജ്യത്തിനും വിരാട് കോലിയെ 3 റണ്‍സിനും നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അപരാജിത അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ 16.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ കാര്യവട്ടത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
ടോപ് ക്ലാസായി ഇന്ത്യ
2023ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു കാര്യവട്ടത്ത് ഇന്ത്യ അവസാനമായി ടി20 മത്സരം കളിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, റുരുരാജ് ഗെയ്ക്‌വാദ്, മൂന്നാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സടിച്ചുകൂട്ടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. റൺസുകളുടെ അടിസ്ഥാനത്തില്‍ കാര്യവട്ടത്തെ ഇന്ത്യയുടെ വലിയ ജയവും ഇതു തന്നെയാണ്.
സൂര്യയും ഇഷാനും
കാര്യവട്ടത്തെ ഇന്ത്യയുടെ റൺവേട്ടക്കാരില്‍ മുന്നില്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. 2 മത്സരങ്ങളിൽ നിന്ന് 69 റൺസണ് സൂര്യ നേടിയത്. അഞ്ച് സിക്സുകള്‍ പറത്തിയ സൂര്യ തന്നെയാണ് കാര്യവട്ടത്തെ സിക്സര്‍ കിംഗ്. ഇഷാന്‍ കിഷന്‍ ഒരു മത്സരത്തില്‍ നിന്ന് 52 റണ്‍സ് നേടിയിട്ടുണ്ട്.
ഹോം ഗ്രൗണ്ടില്‍ സഞ്ജു ആദ്യം
ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണിന്‍റെ ആദ്യ മത്സരമാണിത്. ഇന്ത്യൻ ടീമിലല്‍ അരങ്ങേറിയിട്ട് 11 വര്‍ഷമായെങ്കിലും കാര്യവട്ടത്ത് ഒരു മത്സരത്തില്‍ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാന്‍ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ടി20 പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനങ്ങളുടെ ക്രീസിലാണ് സഞ്ജു. ഹോം ഗ്രൗണ്ടില്‍ മികച്ചൊരു ഇന്നിംഗ്സോടെ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

