
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വാലില്‍ കുത്തി തല ഉയര്‍ത്തുന്ന ഓസീസിനെതിരെ അവസാന ദിവസം ഇന്ത്യക്ക് ജയം എളുപ്പമാകില്ല. വിജയം കേവലം രണ്ടു വിക്കറ്റ് മാത്രം അകലെയാണെങ്കിലും മെല്‍ബണില്‍ നാളെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ പെയ്ത് അവസാന ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായാല്‍ പരാജയ മുനമ്പില്‍ നിന്ന് മെല്‍ബണില്‍ ഓസീസ് സമനിലയുമായി രക്ഷപ്പെടും. തലയരിഞ്ഞിട്ടും വാലറുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ ബൗളിംഗ് നിരയുടെ പിടിപ്പുകേടാണ് മെല്‍ബണിലും കണ്ടത്. ഓസീസിന്റെ അവസാന അംഗീകൃത ബാറ്റ്സാമാനായ ടിം പെയ്നിന്റെ വിക്കറ്റ് 176 റണ്‍സില്‍ വീണെങ്കില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് ഓസീസ് സ്കോര്‍ 258 റണ്‍സിലെത്തിച്ചാണ് നാലാം ദിനം ക്രീസ് വിട്ടത്.
61 റണ്‍സുമായി കമിന്‍സ് ഓസീസിന്റെ ടോപ് സ്കോററായി ക്രീസിലുണ്ട്. ആറ് റണ്‍സുമായി ലിയോണും. കമിന്‍സും സ്റ്റാര്‍ക്കും ലിയോണും ചേര്‍ന്ന് 24 ഓവറാണ് ഇതുവരെ പ്രതിരോധിച്ച് നിന്നത്. ജയത്തിലേക്ക് ഇനിയും 141 റണ്‍സ് അകലമുണ്ടെങ്കിലും നാലാം ദിനം തന്നെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്തി ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മെല്‍ബണില്‍ ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും നാലാം ദിനം മഴ ഒഴിഞ്ഞു നിന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ.
മഴമൂലം ടെസ്റ്റ് സമനിലയാവുകയാണെങ്കില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ മെല്ലെപ്പോക്കിനെതിരെയും വിമര്‍ശനം ഉയരാം. ഒപ്പം എതിരാളികളുടെ വാലറുക്കാന്‍ കഴിയാത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ തന്ത്രങ്ങളും വിമര്‍ശിക്കപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!