പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും സഞ്ജു സാംസണിന്‍റെയും വിക്കറ്റുകൾ നഷ്ടമായശേഷമായിരുന്നു വിഷ്ണു വിനോദും ബാബാ അപരാജിതും ചേര്‍ന്ന് കേരളത്തെ വിജയവര കടത്തിയത്.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് 8 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് പുതുച്ചേരി ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം വിഷ്ണു വിനോദിന്‍റെ അപരാജിത സെഞ്ചുറിയുടെയും ബാബാ അപരാജിതിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 13 ഫോറും 14 സിക്സും അടങ്ങുന്നതാണ് വിഷ്ണു വിനോദിന്‍റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 69 പന്തില്‍ 63 റണ്‍സുമായി വിജയത്തില്‍ വിഷ്ണുവിന് കൂട്ടായി.
പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിന്‍റെയും(8), ഇന്ത്യൻ താരം സഞ്ജു സാംസണിന്‍റെയും(11) വിക്കറ്റുകൾ നഷ്ടമായശേഷമായിരുന്നു വിഷ്ണു വിനോദും ബാബാ അപരാജിതും ചേര്‍ന്ന് പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 148 പന്തില്‍ 222 റണ്‍സെടുത്ത് കേരളത്തെ വിജയവര കടത്തിയത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിഷ്ണു പിന്നീട് നേരിട്ട 23 പന്തില്‍ സെഞ്ചുറിയിലെത്തി. 63 പന്തിലാണ് വിഷ്ണു വിനോദ് ടൂര്‍ണമെന്‍റിലെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. 14 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സെടുത്ത സഞ്ജുവാണ് ആദ്യം മടങ്ങിയത്. പാര്‍ഥ് വഗാനിയുടെ പന്തില്‍ സഞ്ജു ബൗള്‍ഡായി പുറത്തായി. തൊട്ടടുത്ത ഓവറില്‍ രോഹന്‍ കുന്നുമല്ലിനെ(8) ഭൂപേന്ദറും ബൗള്‍ഡാക്കി മടക്കി. ജാര്‍ഖണ്ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും കേരളത്തിനായി സെഞ്ചുറി നേടിയിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 54 പന്തില്‍ 57 റണ്‍സെടുത്ത ജസ്വന്ത് ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. അജയ് രൊഹേറ 53 റണ്‍സെടുത്തു. കേരളത്തിലായി എം ഡി നിധീഷ് നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ രൊഹേറയും ശ്രീരാമും പുതുച്ചേരിയെ 100 കടത്തി ഭേദപ്പെട്ട സ്കോറിലെത്തച്ചത്. രൊഹേറയെ വീഴ്ത്തിയ അങ്കിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.


