ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യക്ക് സമ്മാനിക്കാന്‍ ഇത്തവണ ഗവാസ്കര്‍ ഉണ്ടാവില്ല

By Web TeamFirst Published Jan 2, 2019, 1:21 PM IST
Highlights

സിഡ്നി ടെസ്റ്റിനുശേഷം സമ്മാനദാനച്ചടങ്ങില്‍ ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ പങ്കെടുക്കും. എന്നാല്‍ തനിക്ക് ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്ന് ഔദ്യോഗിക ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സിഡ്നി: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികള്‍ക്ക് നല്‍കുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സമ്മാനിക്കാന്‍ ഇത്തവണ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിനുശേഷമാണ് സമ്മാനദാനച്ചടങ്ങ്. നിലവിലെ ജേതാക്കളായ ഇന്ത്യ മെല്‍ബണില്‍ ജയിച്ച് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയതിനാല്‍ കിരീടം നിലനിര്‍ത്തിയിരുന്നു.

സിഡ്നി ടെസ്റ്റിനുശേഷം സമ്മാനദാനച്ചടങ്ങില്‍ ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ പങ്കെടുക്കും. എന്നാല്‍ തനിക്ക് ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്ന് ഔദ്യോഗിക ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ഓസ്ട്രേലിയ മുന്‍ ചീഫ് എക്സിക്യൂട്ടീവ് സമ്മാനദാന ചടങ്ങില്‍ എത്താന്‍ കഴിയുമോ എന്ന് ചോദിച്ച് ഇ മെയില്‍ അയച്ചിരുന്നു. വരാന്‍ സന്തോഷമേയുള്ളൂവെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ സതര്‍ലാന്‍ഡ് സിഇഒ സ്ഥാനമൊഴിഞ്ഞശേഷം പിന്നീട് യാതൊരുതരത്തിലുള്ള ആശയവിനിമയവും ഇതുസംബന്ധിച്ച് ഉണ്ടായില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു. എന്നാല്‍ സമ്മാനദാന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് ഗവാസ്കര്‍ക്ക് രണ്ടു തവണ ഇ മെയില്‍ അയച്ചുവെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കമ്യൂണിക്കേഷന്‍ ഹെഡ്, ടിം വിറ്റാക്കര്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടര്‍ വിവാദത്തിനുശേഷമാണ് സതര്‍ലാന്‍ഡ്, ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ഡേവിഡ് പീവര്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞത്.

click me!