സെഞ്ചുറിയും ഫിഫ്റ്റിയുമില്ല; എന്നിട്ടും ഓസീസില്‍ പുതിയ റെക്കോര്‍ഡിട്ട് കോലി

By Web TeamFirst Published Dec 8, 2018, 5:47 PM IST
Highlights

18 ഇന്നിംഗ്സില്‍ നിന്നാണ് ഓസ്ട്രേലിയയില്‍ കോലി 1000 റണ്‍സ് പിന്നിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1809), വിവിഎസ് ലക്ഷ്മണ്‍(1236), രാഹുല്‍ ദ്രാവിഡ്(1143) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയോ ഫിഫ്റ്റിയോ അടിച്ചില്ലെങ്കിലും പുതിയ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഓസ്ട്രേലിയക്കെതിരെ ഓസീസ് മണ്ണില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുത്തപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയത്. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനാണ് കോലി.

18 ഇന്നിംഗ്സില്‍ നിന്നാണ് ഓസ്ട്രേലിയയില്‍ കോലി 1000 റണ്‍സ് പിന്നിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1809), വിവിഎസ് ലക്ഷ്മണ്‍(1236), രാഹുല്‍ ദ്രാവിഡ്(1143) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. ടെസ്റ്റ് ചരിത്രത്തില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ 1000 ടെസ്റ്റ് റണ്‍സടിക്കുന്ന 28-മത് ബാറ്റ്സ്മാനുമാണ് കോലി. ഓസീസ് മണ്ണില്‍ 59.05 ശരാശരിയില്‍ റണ്‍സടിച്ചുകൂട്ടിയ കോലി കഴിഞ്ഞ 50 വര്‍ഷത്തിനിടെ സന്ദര്‍ശക ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ശരാശരിയിലാണ് 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഇതിനൊപ്പെ ക്യാപ്റ്റനെന്ന നിലയില്‍ വിദേശത്ത് 2000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും കോലി പിന്നിട്ടു. മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും സ്വന്തമാക്കാനാവാത്ത നേട്ടമാണിത്. നാട്ടിലും വിദേശത്തും ക്യാപ്റ്റനെന്ന നിലയില്‍ 2000 റണ്‍സ് പിന്നിട്ടവരുടെ ലിസ്റ്റില്‍ അഞ്ചാമതാണിപ്പോള്‍ കോലി. അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിംഗ്, ഗ്രെയിം സ്മിത്ത്, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് കോലിക്ക് പുറമെ ഈ നേട്ടത്തിലെത്തിയവര്‍.

click me!