
അഡ് ലെയ്ഡ്∙ മഹേന്ദ്രസിംഗ് ധോണിയെന്ന ഇതിഹാസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ ആരാധകരും സെലക്ടര്‍മാരും ഒരു പോലെ ചോദിച്ച ചോദ്യം, ആരാകും പകരക്കാരന്‍ എന്നതായിരുന്നു. പരീക്ഷണ കാലഘട്ടത്തില്‍ വിക്കറ്റിന് പിന്നില്‍ പലരും കാവലായി. എന്നാല്‍ ധോണി മാജിക്കിന് പകരം വയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഇപ്പോഴിതാ ധോണിയുടെ പകരക്കാരന്‍ ഞാന്‍ തന്നെയെന്ന് ഋഷഭ്പന്തെന്ന ഇരുപത്തിയൊന്നുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നോക്കി ആത്മവിശ്വാസത്തോടെ പറയുകയാണ്.
വെറുതെ പറഞ്ഞ് പോകുക മാത്രമല്ല, പ്രകടനം കൊണ്ട് അത് കാട്ടിത്തരികയുമാണ് പന്ത്. അഡ് ലെയിഡില്‍ ഇന്ത്യ ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പന്ത് റെക്കോര്‍ഡ് ബുക്കില്‍ പേര് എഴുതി ചേര്‍ക്കുകയാണ്. സാക്ഷാല്‍ ധോണിയുടെ തന്നെ റെക്കോര്‍ഡുകളാണ് യുവതാരം ചരിത്രമാക്കുന്നത്.
ഓസ്ട്രേലിയയില്‍ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ കംഗാരുക്കളുടെ ആദ്യ ഇന്നിംഗ്സില്‍ ആറുപേരെയാണ് പന്ത് കയ്യിലൊതുക്കിയത്. ഒരിന്നിംഗ്സില്‍ ആറ് ക്യാച്ചുകള്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രവും കുറിച്ചു.
ഉസ്മാൻ ഖവാജ, ഹാൻഡ്സ്കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവരാണ് പന്തിന്‍റെ കയ്യില്‍ വിശ്രമിച്ചത്. ഓസ്ട്രേലിയക്കെതിരെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം ക്യാച്ചെടുക്കുന്ന താരം എന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനവും പന്തിന് സ്വന്തമായി. ഏഴ് ക്യാച്ചുകള്‍ നേടിയിട്ടുള്ള വെസ്റ്റിന്‍ഡ്യന്‍ താരം റിഡ് ലി ജേക്കബാണ് മുന്നില്‍.
ദക്ഷിണാഫ്രിക്കന്‍ താരം ഡെന്നിസ് ലിൻഡ്സേ ഇംഗ്ലിഷ് താരങ്ങളായ അലെക് സ്റ്റുവര്‍ട്ട്, ജാക്ക് റസ്സൽ, ക്രിസ് റീഡ്, മാറ്റ് പ്രയർ എന്നിവരാണ് പന്തിനൊപ്പം രണ്ടാം സ്ഥാനത്തുള്ളത്. ധോണി ന്യൂസിലാന്‍ഡിനെതിരെ ഒരിന്നിംഗ്സില്‍ ആറ് ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. ഒരിന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എന്ന ഇന്ത്യന്‍ റെക്കോര്‍ഡിന്‍റെ കാര്യത്തില്‍ ധോണിക്കൊപ്പം പന്തും ഇരിപ്പുറപ്പിച്ചു.
അതേസമയം ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഓസീസിനെ 235ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിട്ടുണ്ട്. ഇതുവരെ 166 റണ്‍സിന്റെ ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്ണോടെ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. മൂന്നാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത് മാത്രമാണ് അഡ്‌ലെയ്ഡിലെ ഏക നിരാശ. നേരത്തെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഹാന്‍ഡ്‌കോംപ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു വിജയ്. രാഹുല്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞു. ഹേസല്‍വുഡിന്റെ പന്ത് മിഡ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങി. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.
എന്നാല്‍ നല്ല രിതീയില്‍ കളിച്ചുവരികയായിരുന്ന വിരാട് കോലി പുറത്തായത് നിരാശയുണ്ടാക്കി. 104 പന്തില്‍ 34 റണ്‍സെടുത്ത കോലി നഥാന്‍ ലിയോണിനെ പ്രതിരോധിക്കുന്നതിനിടെ ഷോട്ട് ലെഗില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ എത്തിയ അജിന്‍ക്യ രഹാനെയം പൂജാരയും അധികം നഷ്ടങ്ങളില്ലാതെ മൂന്നാം ദിനം അവസാനിപ്പിച്ചു.
നേരത്തെ, ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു.
ഏഴിന് 191 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സ്റ്റാര്‍ക്ക്. പിന്നാലെ മഴയെത്തി. തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. സ്റ്റാര്‍ക്കിന് പകരമെത്തിയ ലിയോണ്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 24 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. എന്നാല്‍, നിലയുറപ്പിച്ച് നില്‍ക്കുകയായിരുന്ന ഹെഡിനെ ഷമി വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ജോഷ് ഹേസല്‍വുഡിനേയും ഇതേ രീതിയില്‍ ഷമി മടക്കിയതോടെ ഓസീസിന്റെ ആദ്യ ഇന്നിങ്‌സിന് അവസാനമായി.
ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരേയാണ് ഓസീസിന് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായായത്. ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്കോംപ്സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു.
നേരത്തെ, ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!