ചോദിച്ചതെല്ലാം നല്‍കി; തോല്‍വിക്ക് കോലിയും ശാസ്ത്രിയും മറുപടി നല്‍കണമെന്ന് ബിസിസിഐ

By Web TeamFirst Published Aug 14, 2018, 11:50 AM IST
Highlights

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ വിശദീകരണം തേടും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെയാണ് ബിസിസിഐയുടെ തീരുമാനം.

മുംബൈ: ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ വിശദീകരണം തേടും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെയാണ് ബിസിസിഐയുടെ തീരുമാനം. കൈയിലെത്തിട്ടും വിട്ടുകളഞ്ഞ ഒന്നാം ടെസ്റ്റ്. പൊരുതാൻ പോലുമാവാതെ മുട്ടുമടക്കിയ ലോ‍ർഡ്സ്. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ നിരാശയുടെ കയത്തിലേക്ക് വീണപ്പോഴാണ് കടുത്ത നടപടിയുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്.

ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് ക്യാപ്റ്റൻ വിരാട് കോലിയോടും കോച്ച് രവിശാസ്ത്രിയോടും വിശദീകരണം ചോദിക്കാനാണ് ബോർഡിന്‍റെ തീരുമാനം. ദക്ഷിണാഫ്രിക്കയിൽ പരമ്പര തോറ്റപ്പോൾ വിശ്രമവും മുന്നൊരുക്കവും ഇല്ലെന്നായിരുന്നു കോലിയുടെയും സംഘത്തിന്റെയും പരാതി. ഇംഗ്ലണ്ടിൽ ഇക്കാര്യം പറയാനാവില്ലെന്നും ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതെല്ലാം ലഭ്യമാക്കിയെന്നും ബിസിസിഐ പറയുന്നു.

കളിക്കാർ ആവശ്യപ്പെട്ടതിന് അനുസരിച്ച് ട്വന്റി- 20, ഏകദിന പരമ്പര ആദ്യം നടത്തി. വിജയ്, രഹാനെ എന്നിവർക്ക് പര്യടനത്തിന് മുന്‍പേ ഇംഗ്ലണ്ടിൽ കളിക്കാൻ അവസരം നൽകി. എന്നിട്ടും കളികളെല്ലാം തോൽക്കുന്നു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും
തോറ്റ ടീമിന്‍റെ പ്രകടനത്തിന് ശാസ്ത്രിയും പരിശീലക സംഘവും മറുപടി പറയേണ്ടതുണ്ടെന്നും ബിസിസിഐ അധികൃതർ പറയുന്നു. സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവരാണ് ശാസ്ത്രിയുടെ സഹപരിശീലകർ.

ഇവരുടെ സേവനമികവ് വിലയിരുത്താനും ബിസിസിഐ തീരുമാനിച്ചു. ഇതിനിടെ ടീം ഇന്ത്യക്കെതിരെ വിമർശനവുമായി മുൻതാരങ്ങളായ ബിഷൻ സിംഗ് ബേദി, വിരേന്ദർ സെവാഗ് , വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ രംഗത്തെത്തി. ക്രിക്കറ്റ് പ്രേമികൾ നൽകുന്ന പിന്തുണയ്ക്ക് അനുസരിച്ചുള്ള കളിയല്ല ഇന്ത്യയുടേത്.

പൊരുതാതെ കീഴടങ്ങുന്നത് ദൗർഭാഗ്യകരമാണെന്നും സെവാഗ് പറയുന്നു. ധൈര്യം കൈവിട്ട സംഘമെന്നായിരുന്നു ബേദിയുടെ വിശേഷണം. സാഹചര്യത്തിന് അനുസരിച്ചുള്ള കളിയല്ല ഇന്ത്യയുടേതെന്നും ബാറ്റ്സ്മാൻമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ലക്ഷ്മൺ. മുഹമ്മദ്,കൈഫ്, വിനോദ് കാംബ്ലി തുടങ്ങിയ താരങ്ങളും പൊരുതാതെ കീഴടങ്ങിയ ടീം ഇന്ത്യയെ വിമർശിക്കുന്നു.

click me!