ലോര്‍ഡ്‌സ് തോല്‍വി; ടെസ്റ്റ് റാങ്കിംഗില്‍ കോലിക്ക് ഒന്നാം സ്‌ഥാനം നഷ്‌ടം

By Web TeamFirst Published Aug 13, 2018, 7:38 PM IST
Highlights

ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോര്‍ഡ്സ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് കോലിക്ക് വിനയായത്. 

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോര്‍ഡ്സ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് കോലിക്ക് വിനയായത്. 23, 17 എന്നിങ്ങനെയായിരുന്നു മത്സരത്തില്‍ കോലിയുടെ സ്കോര്‍. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ഇതോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 

ഒന്നാമതുള്ള സ്‌മിത്തിന് 929 പോയിന്‍റാണുള്ളത്. പതിനഞ്ച് പോയിന്‍റുകള്‍ നഷ്ടപ്പെട്ട് കോലി 919ലെത്തി. 851 പോയിന്‍റുള്ള ജോ റൂട്ടാണ് മൂന്നാമത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 149, 51 എന്നിങ്ങനെ സ്കോര്‍ നേടിയതോടെയാണ് കോലി നേരത്തെ ഒന്നാം സ്ഥാനത്തെത്തിയത്. ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ആദ്യമായി ഒന്നാം റാങ്കിംഗിലെത്തുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടം അന്ന് കോലി സ്വന്തമാക്കിയിരുന്നു. 

അതേസമയം കരിയറിലാദ്യമായി 900 പോയിന്‍റ് കടമ്പ കടക്കാന്‍ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണായി. ലോര്‍ഡ്സ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സണ്‍ 19 പോയിന്‍റ് നേടി 903ലെത്തി. ഇയാന്‍ ബോത്തത്തിന് ശേശം ആദ്യമായാണ് ഒരു ബൗളര്‍ 900 പോയിന്‍റിലധികം നേടുന്നത്. 882 പോയിന്‍റുള്ള കഗിസോ റബാഡ രണ്ടാമതും 849 പോയിന്‍റുള്ള രവീന്ദ്ര ജഡേജ മൂന്നാമതുമാണ്. 

click me!