ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Feb 7, 2019, 1:32 PM IST
Highlights

ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെ ഇറങ്ങാനാണ് സാധ്യത. നല്ല തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റാനാവുന്നില്ലെന്നതാണ് ധവാന്‍ നേരിടുന്ന പ്രശ്നം. ഓപ്പണിംഗില്‍ മാറി പരീക്ഷിക്കാന്‍ മറ്റൊരു താരമില്ലാത്ത സ്ഥിതിക്ക് ധവാനും രോഹിത്തും തന്നെയാകും ഓപ്പണര്‍മാരായി എത്തുക.

വെല്ലിംഗ്ടണ്‍: ടി20 പരമ്പര നഷ്ടമാകാതിരിക്കാന്‍ വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. ആദ്യ മത്സരത്തില്‍ 80 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ ടീം കോമ്പിനേഷനില്‍ കാര്യമായ അഴിച്ചുപണി നടത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെ ഇറങ്ങാനാണ് സാധ്യത. നല്ല തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റാനാവുന്നില്ലെന്നതാണ് ധവാന്‍ നേരിടുന്ന പ്രശ്നം. ഓപ്പണിംഗില്‍ മാറി പരീക്ഷിക്കാന്‍ മറ്റൊരു താരമില്ലാത്ത സ്ഥിതിക്ക് ധവാനും രോഹിത്തും തന്നെയാകും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണില്‍ ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി വിജയ് ശങ്കറിന് പകരം മറ്റൊരു താരത്തെ പരീക്ഷിക്കാനാണ് സാധ്യത. വിജയ് ശങ്കര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീം ബാലന്‍സ് നിലനിര്‍ത്താനായി ശങ്കറിനെ അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും. ശങ്കറിന് പകരം ശുഭ്‌മാന്‍ ഗില്ലോ, എം എസ് ധോണിയോ വണ്‍ ഡൗണില്‍ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.

നാലാം നമ്പറില്‍ റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ ഇറങ്ങും. ഇരുവരും ഒരേസമയം അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യത കുറവാണ്. ആദ്യ മത്സത്തില്‍ രണ്ടുപേരും പരാജയപ്പെട്ടതിനാല്‍ ഒരാളെ ഒഴിവാക്കി പകരം കേദാര്‍ ജാദവിന് അവസരം നല്‍കിയേക്കും. ഫിനിഷിംഗില്‍ കാര്‍ത്തിക്കിനുള്ള മികവ് കണക്കിലെടുത്ത് പന്ത് പുറത്തിരിക്കാനാണ് സാധ്യത. ഓള്‍ റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും തന്നെയാകും അന്തിമ ഇലവനില്‍ കളിക്കുക.

ബൗളിംഗില്‍ ആദ്യ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും നിറം മങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാം മത്സരത്തില്‍ ഖലീല്‍ അഹമ്മദിനെ തഴഞ്ഞേക്കും. ഖലീലിന് പകരം സിദ്ദാര്‍ഥ് കൗള്‍ അന്തിമ ഇലവനില്‍ എത്താനാണ് സാധ്യത. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലിനൊപ്പം കുല്‍ദീപ് യാദവ് ടീമിലെത്താനും സാധ്യതയുണ്ട്.

click me!