ഇന്ത്യാ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം; ധോണിക്ക് നിര്‍ണായകം

By Web DeskFirst Published Aug 19, 2017, 12:13 PM IST
Highlights

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള  ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ ധാംബുള്ളയില്‍ തുടക്കമാവും. എംഎസ് ധോണിക്ക് ഏറെ നിര്‍ണായകമാകും ഈ പരമ്പര. മികച്ച പ്രകടനമില്ലെങ്കില്‍ പ്രത്യേക പരിഗണനകളൊന്നും ഇനിയങ്ങോട്ട് പ്രതീക്ഷിക്കേണ്ടെന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദിന്റെ മുന്നറിയിപ്പിനോട് എം എസ് ധോണി എങ്ങനെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് കോലിപ്പട ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുക മുന്‍  നായകന്റെ പ്രകടനം തന്നെയാവും. റിഷഭ് പന്തിനെ പോലുള്ളവര്‍ റിസര്‍വ് ബഞ്ചിലുണ്ടെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഓര്‍മ്മപ്പെടുത്തല്‍ ധോണിയെ സമ്മര്‍ദ്ദത്തിലാക്കും. അടുത്ത ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹം
ഉണ്ടെങ്കിലും, ഒരു പരാജയം പോലും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് 36കാരനായ ധോണിയും സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പരിശീലനം നിര്‍ബന്ധം അല്ലാതിരുന്നിട്ടും യുവതാരങ്ങള്‍ക്കൊപ്പം ധോണി നെറ്റ്സിന് എത്തിയതും ശ്രദ്ധേയമാണ്.യുവരാജ് സിംഗിനെ ഒഴിവാക്കിയെങ്കിലും ബാറ്റിംഗ് ക്രമത്തില്‍  സ്ഥാനക്കയറ്റം ധോണിക്ക് ലഭിച്ചേക്കില്ല. ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായിരുന്ന കെ എല്‍ രാഹുല്‍  ഏകദിനപരമ്പരയില്‍ നാലാം നമ്പറില്‍  ബാറ്റ് ചെയ്യുമെന്നാണ് ക്യാപ്റ്റന്‍ കോലിയും ടീം മാനേജ്മെന്റും നല്‍കുന്ന സൂചന.

click me!