ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ധാക്ക ക്യാപിറ്റല്‍സ് അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി ഹൃദയാഘാതം മൂലം മരിച്ചു. 

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിന് തൊട്ട്മുമ്പ് ധാക്ക ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സില്‍ഹെറ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരം ആരംഭിക്കാനിരിക്കെയാണ് ദാരുണാന്ത്യം. ടീമിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ സാക്കി പെട്ടെന്ന് നിലത്ത് കുഴഞ്ഞുവീണു. വേദിയിലുണ്ടായിരുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ചികിത്സിച്ചു. ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മൈതാനത്ത് വെച്ച് തന്നെ സിപിആര്‍ നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അവിടെ ഡോക്ടര്‍മാര്‍ ചികിത്സ തുടര്‍ന്നു. എന്നിരുന്നാലും, എല്ലാ മെഡിക്കല്‍ ശ്രമങ്ങളും നടത്തിയിട്ടും, ഉച്ചയ്ക്ക് 12.30 ആയതോടെ അദ്ദേഹം മരിച്ചതായി അറിയിച്ചു. ശാന്തമായ പെരുമാറ്റത്തിന് സാക്കി, ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയും ടീമിന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ആദ്യ മത്സരത്തിന് മുമ്പ് കളിക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയെ തുടര്‍ന്ന്, ധാക്ക ക്യാപിറ്റല്‍സിലെയും രാജ്ഷാഹി വാരിയേഴ്‌സിലെയും കളിക്കാര്‍ ഇന്നിംഗ്‌സ് ഇടവേളയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു. ക്രിക്കറ്റ് സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും ആദരാഞ്ജലികള്‍ ഒഴുകിയെത്തി. ബംഗ്ലാദേശ് മുന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ അനുശോചനം രേഖപ്പെടുത്തി.

View post on Instagram

ഷാക്കിബിന്റെ സന്ദേശം... ''ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ ആദ്യകാലം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്.'' ഷാക്കിബ് കുറിച്ചിട്ടു.

YouTube video player