ലങ്കയ്ക്കെതിരായ ട്വന്റി-20യും ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

By Web DeskFirst Published Sep 6, 2017, 5:09 PM IST
Highlights

കൊളംബോ: ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിച്ച് സമ്പൂര്‍ണ ജയമെന്ന അപൂര്‍വ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെയ ട്വന്റി-20 പോരാട്ടത്തിനിറങ്ങുന്നു. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ജയിച്ചു കയറിയ ഇന്ത്യ ഒൻപതിൽ ഒൻപതും ജയിച്ച് റെക്കോർഡ് വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് ഓസ്ട്രേലിയ മാത്രമേ പരമ്പരയിലെ ഒൻപതു മൽസരങ്ങളും ജയിച്ച് സമ്പൂർണ തൂത്തുവാരൽ നടത്തിയിട്ടുള്ളൂ. 2010ൽ പാക്കിസ്ഥാനെതിരെയാണ് ഓസ്ട്രേലിയ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകൾ തൂത്തുവാരിയത്.

ടെസ്റ്റിലെയും ഏകദിനത്തിലെയും വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോൾ ശ്രീലങ്ക തേടുന്നത് ആശ്വാസ ജയമാണ്. എന്നാല്‍ റെക്കോര്‍ഡുകള്‍ ലങ്കയ്ക്ക് അനുകൂലമല്ല. ട്വന്റി-20യില്‍ ഇന്ത്യയും ശ്രിലങ്കയും ഒൻപതു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വട്ടവും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അവസാനമായി ഏറ്റുമുട്ടിയ നാലു മല്‍സരങ്ങളില്‍ മൂന്നിലും ഇന്ത്യ വിജയിച്ചു. തോൽവിയെത്തുടർന്നു ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് ലങ്ക ഇറങ്ങുന്നത്. ആറ് പുതിയ മാറ്റങ്ങളാണ് അവർ ടീമിൽ വരുത്തിയിരിക്കുന്നത്. ഏകദിന പരമ്പരയിലെ ബോളിങ് വിസ്മയം അഖില ധനഞ്ജയയ്ക്ക് ട്വന്റി-20 ടീമിലും ഇടം കിട്ടി. ഏകദിന ടീം നായകനായ ഉപുല്‍ തരംഗയാണ് ട്വന്റി-20യിലും ലങ്കയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഇല്ല. രോഹിത് ശർമ ഓപ്പണർ റോളിൽ തിരിച്ചെത്തും. കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ എന്നിവർ കൂടി ഉൾപ്പെടുന്നതാവും ഇന്ത്യൻ മധ്യനിര. അഞ്ചാം ഏകദിനത്തിൽ വിശ്രമിച്ച ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തും. ബൗളിംഗ് നിരയില്‍  ജസ്പ്രിത് ബൂമ്രയ്ക്കൊപ്പം ചാഹലും കുൽദീപ് യാദവുമാവും ഇടം നേടിയേക്കും.രാത്രി ഏഴു മണി മുതലാണ് മല്‍സരം.

 

 

click me!