ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്ത് 'ഹോപ്'; അവസാന പന്തില്‍ സമനില

Published : Oct 24, 2018, 09:59 PM ISTUpdated : Oct 24, 2018, 10:56 PM IST
ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്ത് 'ഹോപ്'; അവസാന പന്തില്‍ സമനില

Synopsis

അവസാന പന്തുവരെ നീണ്ട ആവേശപ്പോരില്‍ ഇന്ത്യാ- വിന്‍ഡീസ് രണ്ടാം ഏകദിനം സമനിലയില്‍. ഇന്ത്യയുയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ അവസാന പന്ത്‍ ബൗണ്ടറിയിലേക്ക് പായിച്ച് ഹോപ് സമനിലയിലെത്തിക്കുകയായിരുന്നു.  

വിശാഖപട്ടണം: അവസാന പന്തുവരെ നീണ്ട ആവേശപ്പോരില്‍ ഇന്ത്യാ- വിന്‍ഡീസ് രണ്ടാം ഏകദിനം സമനിലയില്‍. ഇന്ത്യയുയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ അവസാന പന്ത്‍ ബൗണ്ടറിയിലേക്ക് പായിച്ച് ഹോപ് സമനിലയിലെത്തിക്കുകയായിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട വിന്‍ഡീസിനെ ഹോപിന്‍റെ സെഞ്ചുറിയും ഹെറ്റ്‌മെയറുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയുമാണ് ഏഴ് വിക്കറ്റിന് 321 എന്ന തുല്യതയിലെത്തിച്ചത്. ഹോപ് 134 പന്തില്‍ 123 റണ്‍സുമായും റോച്ച് റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.

തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്‍റെ മറുപടി ബാറ്റിംഗ്. ഓപ്പണര്‍മാരായ കീറാന്‍ പവലിനെ(18) ഷാമിയും ചന്ദ്രപോള്‍ ഹേംരാജിനെ(32) കുല്‍ദീപും പുറത്താക്കി. 13 റണ്‍സെടുത്ത മര്‍ലോന്‍ സാമുവല്‍സിനെ കുല്‍ദീപ് ലോകോത്തര പന്തില്‍ മടക്കി.എന്നാല്‍ നാലാം വിക്കറ്റില്‍ പതുക്കെ തുടങ്ങിയ വിന്‍ഡീസ് പിന്നാലെ ടോപ് ഗിയറില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. സി‌ക്‌സര്‍ മഴയുമായി ഹെറ്റ്‌മെയറായിരുന്നു കൂടുതല്‍ അപകടകാരി. ഹോപ് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ ചഹാല്‍ 32-ാം ഓവറില്‍ ഇന്ത്യ പ്രതീക്ഷിച്ച ബ്രേക്ക് ത്രൂ നല്‍കി മത്സരം കൂടുതല്‍ ആവേശമാക്കി. 

64 പന്തില്‍ ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടക്കം സെഞ്ചുറിക്കരികെ 94ല്‍  ഹെറ്റ്‌മെയര്‍ വീണു. ഹോപിനൊപ്പം നാലാം വിക്കറ്റില്‍ 143 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു മടക്കം. വൈകാതെ റോവ്‌മാന്‍ പവലിനെ(18) കുല്‍ദീപും പുറത്താക്കിയപ്പോള്‍ വിന്‍ഡീസ് പ്രതീക്ഷ ഹോപ്- ഹോള്‍ഡര്‍ സഖ്യത്തിലായി. ഹോള്‍ഡര്‍ പിന്തുണയേകിയപ്പോള്‍ ഹോപ് 113 പന്തില്‍ രണ്ടാം ഏകദിന ശതകം തികച്ചു. എന്നാല്‍ പിന്നാലെ ഹോപുമായുള്ള ആശയക്കുഴപ്പത്തില്‍ ഹോള്‍ഡര്‍(12) റണ്ണൗട്ടായി. പ്രതീക്ഷ കൈവിടാതെ ഹോപ് കളിച്ചെങ്കിലും അവസാന മൂന്ന് ഓവറിലെ ബൗളിംഗ് മികവ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് കാത്തു.

അവസാന മൂന്ന് ഓവറില്‍ 22 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. സെഞ്ചുറി പിന്നിട്ട് ഹോപും നഴ്‌സുമായിരുന്നു ക്രീസില്‍. 48-ാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹലും 49-ാം ഓവറില്‍ ആറിലൊതുക്കിയ ഷമിയുമാണ് ആര്‍ക്കും ജയിക്കാവുന്ന മത്സരം ഇന്ത്യയുടേതാക്കിയത്. ഉമേഷ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ നഴ്‌സ്(5) റായിഡു പിടിച്ച് പുറത്തായി. അടുത്ത പന്തില്‍ ഹോപിന് രണ്ട് റണ്‍സ്. എന്നാല്‍ അവസാന പന്തില്‍ ബൗണ്ടറി നേടി ഹോപ് വിന്‍ഡീസിന് സമനില സമ്മാനിച്ചു. കുല്‍ദീപ് മൂന്നും ഷമിയും ഉമേഷും ചഹലും ഓരോ വിക്കറ്റും വീഴ്‌ത്തി. 

കോലിയുടെ അപരാജിത സെഞ്ചുറിയുടെയും അംബാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിന്‍ഡീസിന് 322 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. രണ്ട് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റാഡിയു- കോലി സഖ്യം മികച്ച സ്കോര്‍ ഉറപ്പാക്കി. 73 റണ്‍സടിച്ച റായിഡു പുറത്തായശേഷം എത്തിയ ധോണിയെ സാക്ഷി നിര്‍ത്തിയായിരുന്നു കോലി ഏകദിനത്തില്‍ 10,000 പിന്നിട്ടത്. 

ധോണി-20, പന്ത്-17, ജഡേജ-13 റണ്‍സ് വീതമെടുത്ത് പുറത്തായി. എന്നാല്‍ ഇതിനിടെ കോലി കരിയറിലെ 37-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 56 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കോലി 106 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച കോലി 127 പന്തില്‍ 150 കടന്നു. 129 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്സറുകളും പറത്തിയ കോലി 157 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആഷ്‌ലി നേഴ്സ് ബൗളിംഗില്‍ തിളങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം