ആദ്യം നേരിട്ട 32 പന്തില്‍ 37 റണ്‍സ് മാത്രമായിരുന്നു സ്‌മൃതി മന്ദാനായുടെ സമ്പാദ്യം. എന്നാല്‍ അതിന് ശേഷം കാര്യവട്ടം സാക്ഷ്യം വഹിച്ചത് താരത്തിന്റെ തിരിച്ചുവരവിനായിരുന്നു
ഗ്രീൻഫീല്‍ഡിലെ ഗ്യാലറികള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രീസില്‍ ഷഫാലി വര്‍മ വിരേന്ദര്‍ സേവാഗിനെ ഓര്‍മിപ്പിക്കുന്നു. മറുവശത്ത് ട്വന്റി 20യുടെ താളത്തിലേക്ക് ചുവടുവെക്കാനാകാതെ സ്‌മൃതി മന്ദാന. അവരുടെ ബാറ്റിലേക്കായിരുന്നു കാര്യവട്ടത്തെ കണ്ണുകള്‍ ഉറ്റുനോക്കിയിരുന്നത്, ആവരുടെ തിരിച്ചുവരവിനായി. ഒന്നും എളുപ്പമായിരുന്നില്ലല്ലൊ അവര്‍ക്ക്. പ്രതിസന്ധികളേയും സമ്മര്‍ദത്തേയും ഏകദിന ക്രിക്കറ്റിന്റെ ആലസ്യവും പൊട്ടിച്ചെറിയാൻ ഒരു ഇന്നിങ്സ് മതിയാകും, ഞായറാഴ്ച രാത്രി അത് സംഭവിച്ചു. അനന്തപുരിയുടെ ആകാശത്തിന് കീഴില്‍ സ്‌മൃതി മന്ദാന വനിത ക്രിക്കറ്റിന്റെ ഇതിഹാസപ്പടവുകള്‍ ഓടിക്കയറുകയായിരുന്നു.
ഏഴാം ഓവറിലെ മൂന്നാം പന്ത്. ശ്രീലങ്കൻ സ്പിന്നര്‍ നിമാഷ മീപേജിന്റെ പന്ത് ലോങ് ഓണിലേക്ക് പായിച്ചു സ്‌മൃതി മന്ദാന. വനിത ക്രിക്കറ്റിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ അപൂര്‍വമായൊരു നിമിഷമായിരുന്നു അവിടെ ജനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് ഇടം കയ്യൻ ബാറ്റര്‍ തൊട്ടെന്ന് കാര്യവട്ടത്തെ ആ വലിയ സ്ക്രീൻ ഓര്‍മിപ്പിച്ചു. ഇതിഹാസങ്ങളായ മിതാലി രാജിനും സൂസി ബേറ്റ്‌സിനും ഷാര്‍ലറ്റ് എഡ്‌വേഡ്‌സിനും ശേഷം ആദ്യം. നാല്‍വരില്‍ ഏറ്റവും വേഗത്തില്‍ അഞ്ചക്ക സംഖ്യയിലേക്ക് എത്തിയതും സ്‌മൃതി തന്നെ, കേവലം 280 ഇന്നിങ്സുകളില്‍ നിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിതാലി തീര്‍ത്ത റണ്‍മലയിലേക്കുള്ള ദൂരം ഇനി കേവലം 815 റണ്‍സ് മാത്രം.
ഇനി സ്‌മൃതിയുടെ ഇന്നിങ്സിലേക്ക് വരാം. ട്വന്റിയിലേക്ക് തിരിച്ചെത്താനാകാതെ സമ്മര്‍ദത്തിന് കീഴ്പ്പെട്ട സ്‌മൃതിയെ ആണ് ആദ്യ മൂന്ന് മത്സരങ്ങളിലും കണ്ടത്. നാലാം ട്വന്റി 20യിലും മാറ്റമുണ്ടായില്ല. ആ സമ്മര്‍ദത്തിന്റെ തോതുകുറയ്ക്കാൻ ഷഫാലിയുടെ അതിവേഗ സ്കോറിങ്ങിന് സാധിച്ചു. ഇന്ത്യൻ സ്കോര്‍ 100ലെത്തുമ്പോള്‍ 11 ഓവര്‍ പിന്നിട്ടിരുന്നു. സ്‌മൃതിയുടെ സ്കോര്‍ 32 പന്തില്‍ നിന്ന് 37 റണ്‍സ് മാത്രമായിരുന്നു. മറുവശത്ത് ഷഫാലി 34 പന്തില്‍ 63 റണ്‍സ്. ഫോം ഇസ് ടെമ്പററി, ക്ലാസ് ഈസ് പെര്‍മെനന്റെന്ന് പറയാറില്ലെ, പിന്നീട് ഗ്രീൻഫീല്‍ഡില്‍ കണ്ടത് അതായിരുന്നു, സ്‌മൃതി മന്ദാനയുടെ ക്ലാസിക്ക് ഗിയര്‍ ഷിഫ്റ്റ്.
പന്ത്രണ്ടാം ഓവറില്‍ പന്തെടുത്ത രഷ്മികയായിരുന്നു മന്ദാനയുടെ ബാറ്റിന്റെ ചൂട് ഈ സീരിസില്‍ ആദ്യമായി അറിഞ്ഞത്. മൂന്നാം പന്ത് രഷ്‌മികയുടെ തലയ്ക്ക് മുകളിലൂടെ ഫോര്‍. പാഡിലെ ലക്ഷ്യമാക്കിയെത്തി അടുത്ത പന്ത്, ലെങ്ത് ബോള്‍. ഡിപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ നിലം തൊടാതെ ബൗണ്ടറി വര കടന്നു, സിക്‌സ്. അഞ്ചാം പന്ത് ക്രീസുവിട്ടിറങ്ങി മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറിയിലേക്ക്. 35-ാം പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു സ്‌മൃതി. ട്വന്റിയിലെ 32-ാം അര്‍ദ്ധ ശതകം, ഏറ്റവുമധികം.
പതിമൂന്നാം ഓവറില്‍ റണ്ണൊഴുക്ക് തടയാനെത്തിയ ലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിനും സ്‌മൃതിയുടെ ബാറ്റിനെ നിശബ്ദമാക്കാനായില്ല. അഞ്ചാം പന്തില്‍ ബൗണ്ടറിയും ആറാം പന്തില്‍ ലോങ് ഓണിന് മുകളിലൂടെ സിക്സും നേടി. അതും ക്രീസുവിട്ടിറങ്ങി സ്‌മൃതി സ്റ്റൈലില്‍. ബാറ്റിങ് ഇത്ര അനായാസമാണോയെന്ന് പോലും തോന്നുന്ന തരത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ ബാറ്റിങ്. തുടക്കത്തില്‍ ഫില്‍ഡിനെ കീറിമുറിക്കാനാകാതെ പോയ സ്‌മൃതിയെ ആയിരുന്നില്ല പത്ത് ഓവറിന് ശേഷം കണ്ടത്. സ്വഭാവികമായുള്ള സ്ട്രോക്ക്‌പ്ലേയിലേക്ക് തിരികെയെത്തി. പതിനാലാം ഓവറില്‍ മല്‍ഷ ഷഹാനിക്കെതിരെ ഒരു മനോഹരമായ കവര്‍ ഡ്രൈവ്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ഷഹാനിയുടെ പന്ത് സ്ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയിലെത്തിച്ചത് പ്യുവര്‍ ടൈമിങ്ങിലൂടെയായിരുന്നു. മന്ദാനയുടെ സെഞ്ചുറിക്കായി അക്ഷമരായിരുന്നു കാണികള്‍. പതിനേഴാം ഓവറില്‍ കാര്യവട്ടത്തിന് നിരാശ സമ്മാനിച്ച ഷഹാനി സ്‌മൃതിയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. 48 പന്തില്‍ 80 റണ്‍സ്. 11 ഫോറും മൂന്ന് സിക്‌സറും. അവസാനം നേരിട്ട 16 പന്തില്‍ 43 റണ്‍സാണ് താരം സ്കോര്‍ ചെയ്തത്. കളിയിലെ താരം.
ഇന്ത്യക്കായി ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമാകാനും സ്‌മൃതിക്ക് സാധിച്ചു. 80 സിക്സാണ് ഫോര്‍മാറ്റില്‍ സ്‌മൃതി സ്വന്തമാക്കിയത്. 78 സിക്‌സുമായി ഹര്‍മൻപ്രീത് കൗറാണ് പിന്നില്‍. ഷഫാലി-സ്‌മൃതി സഖ്യം 161 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്, ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. ഇത് നാലാം തവണയാണ് സഖ്യം 100ലധികം റണ്‍സ് ചേര്‍ക്കുന്നത്. 46 പന്തില്‍ 79 റണ്‍സായിരുന്നു ഷഫാലി സ്കോര്‍ ചെയ്തത്. തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം.


