നാല് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമയുടെ ബൗളിംഗിൽ മധ്യപ്രദേശ് ബാറ്റിംഗ് നിര തകർന്നു.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെ പ്രതിരോധത്തിലാക്കി കേരളം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യ പ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ ആറിന് 102 എന്ന നിലയിലാണ്. അങ്കിത് ശര്‍മയാണ് അവരുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതും. നാലും ബൗള്‍ഡായിരുന്നു എന്നുള്ളതാണ് സവിശേഷത. ഹിമാന്‍ഷു മന്ത്രി (40), സരന്‍ഷ് ജെയ്ന്‍ (0) എന്നിവരാണ് ക്രീസില്‍. വെങ്കടേഷ് അയ്യര്‍ (8) ഉള്‍പ്പെടെയുള്ള താരങ്ങള്‍ മധ്യ പ്രദേശ് നിരയില്‍ നിരാശപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.
മോശമല്ലാത്ത തുടക്കമായിരുന്നു മധ്യ പ്രദേശിന്. ഒന്നാം വിക്കറ്റില്‍ ഹര്‍ഷ് ഗാവ്‌ലി (22) - യാഷ് ദുബെ (13) സഖ്യം 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ ദുബെയെ പുറത്താക്കി അങ്കിത് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഗാവ്‌ലി, ശുഭം ശര്‍മ (3) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ അങ്കിത് മടക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ (8) റണ്ണൗട്ടാവുകയും ചെയ്തത് മധ്യ പ്രദേശിന് തിരിച്ചടിയായി. 22-ാം ഓവറില്‍ രാഹുല്‍ ബതാമിനേയും (3) അങ്കിത് ബൗള്‍ഡാക്കി.
ഇതോടെ അഞ്ചിന് 78 എന്ന നിലയിലായി മധ്യ പ്രദേശ്. തുടര്‍ന്ന് മന്ത്രി - സരന്‍ഷ് ജെയ്ന്‍ (9) സഖ്യം 24 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബാബാ അപരാജിതിന് മുന്നില്‍ ജെയ്ന്‍ കീഴടങ്ങി. സ്‌കോര്‍ ആറിന് 102. ഇനി മന്ത്രി - ശിവാംഗ് സഖ്യത്തിലാണ് മധ്യ പ്രദേശിന്റെ പ്രതീക്ഷ. നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ഷറഫുദ്ദീന്‍ എന്നിവര്‍ തിരിച്ചെത്തി. അഹമ്മദ് ഇമ്രാന്‍, അഭിഷേക് നായര്‍, അഖില്‍ സ്‌കറിയ എന്നിവരാണ് വഴി മാറിയത്.
കേരളം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍, ഏദന്‍ ആപ്പിള്‍ ടോം.

