തുടക്കത്തില്‍ തിരിച്ചടിച്ച് വിന്‍ഡീസ്; ഇന്ത്യയ്ക്ക് ധവാനെ നഷ്ടം

Published : Nov 01, 2018, 04:15 PM ISTUpdated : Nov 01, 2018, 04:22 PM IST
തുടക്കത്തില്‍ തിരിച്ചടിച്ച് വിന്‍ഡീസ്; ഇന്ത്യയ്ക്ക് ധവാനെ നഷ്ടം

Synopsis

105 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍റെ കുറ്റി തെറിക്കുകയായിരുന്നു.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ 105 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍റെ കുറ്റി തെറിക്കുകയായിരുന്നു. ആറ് റണ്‍സാണ് ധവാന് എടുക്കാനായത്. നാല് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 22 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മയും(4) നായകന്‍ വിരാട് കോലിയുമാണ്(12) ക്രീസില്‍. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജഡേജ നാലും ബൂംമ്രയും ഖലീലും രണ്ട് വിക്കറ്റ് വീതവും ഭുവിയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി. 

ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ അക്കൗണ്ട് തുറക്കും മുന്‍പ് ബൂംമ്ര ബൗള്‍ഡാക്കി. അപ്പോള്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 36 റണ്‍സില്‍ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി  രവീന്ദ്ര ജഡേജ വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് റോമന്‍ പവലുമായി സഖ്യത്തിന് ശ്രമിച്ച ഹെറ്റ്‌മെയറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ് കിതപ്പ് കൂടി. ഹെറ്റ്‌മെയറുടെ സമ്പാദ്യം വെറും ഒമ്പത് റണ്‍സ്.

തൊട്ടടുത്ത ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കേ റോമനെ പേസര്‍ ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(25) ഖലീല്‍ അഹമ്മദ് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. 29-ാം ഓവറിലെ ആദ്യ പന്തില്‍ കീമോ പോള്‍ അഞ്ച് റണ്‍സുമായി കുല്‍ദീപിനും കീഴടങ്ങി.

ദേവേന്ദ്ര ബിഷുവും കെമാര്‍ റോച്ചും ചേര്‍ന്ന് വിന്‍ഡീസിനെ അത്ഭുകതകരമായി 100 കടത്തി. എന്നാല്‍ ഒരു റിവ്യൂവില്‍ രക്ഷപെട്ട റോച്ചിനും അധികം ആയുസുണ്ടായിരുന്നില്ല. 15 പന്തില്‍ അഞ്ച് റണ്‍സെടുത്ത റോച്ചിനെ 32-ാം ഓവറില്‍ ജഡേജ ജാദവിന്‍റെ കൈകളിലെത്തിച്ചു. രണ്ട് പന്തുകളുടെ ഇടവേളയില്‍ റണ്ണൊന്നുമെടുക്കാതെ ഓഷേന്‍ തോമസിനെയും ജഡേജ പുറത്താക്കിയതോടെ വിന്‍ഡീസ് പോരാട്ടം അവസാനിക്കുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം