ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയും ഇന്ത്യയ്ക്ക്

By Web DeskFirst Published Feb 25, 2018, 12:15 AM IST
Highlights

കേപ്ടൗണ്‍: ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയും സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ. അവസാന ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ഇന്ത്യയുയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന അഞ്ച് ഓവറില്‍ 72 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജോങ്കറും ബെഹാര്‍ഡീനും പ്രതീക്ഷ നല്‍കിയെങ്കിലും വിജയിക്കാനായില്ല. അവസാന പന്ത് വരെ ആവേശം നിറച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്.

ന്യൂലന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ തുടക്കവും മോശമായിരുന്നു. ഏഴ് റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സും 24 റണ്‍സുമായി മില്ലറും പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 9.1 ഓവറില്‍ 45-2. ഹെന്‍ഡ്രിക്‌സിനെ ഭുവിയും മില്ലറെ റെയ്‌നയുമാണ് പുറത്താക്കിയത്. പിന്നീട് ഒരറ്റത്ത് ഡുമിനി കത്തിക്കയറിയെങ്കിലും ഇതിനിടെ ഏഴ് റണ്‍സെടുത്ത ക്ലാസനെ പാണ്ഡ്യ പറഞ്ഞയച്ചു.

അവസാന 30 പന്തില്‍ 72 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ഡുമിനി മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിയുമായി കുതിച്ച ഡുമിനിയെ(40 പന്തില്‍ 55 റണ്‍സ്) താക്കൂര്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു. സ്കോര്‍ 15.6 ഓവറില്‍ 109-4.

തൊട്ടടുത്ത ബൂംറയുടെ ഓവറില്‍ മോറിസ് നാല് റണ്‍സുമായി വീണു. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ താക്കൂര്‍ 18 റണ്‍സ് വഴങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷയായി. അടുത്ത ഓവര്‍ എറിയാനെത്തിയത് പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ മികച്ച ബൗളറായ ബൂംറ. എന്നാല്‍ 16 റണ്‍സെടുത്ത് ജോങ്കറും ബെഹാര്‍ഡീനും ഇന്ത്യയെ ഞെട്ടിച്ചു. അതോടെ ഭുവിയെറിയുന്ന അവസാന ഓവറില്‍ 19 റണ്‍സായി വിജയലക്ഷ്യം. എന്നാല്‍ അവസാന പന്തില്‍ എട്ട് റണ്‍സ് വേണമെന്നിരിക്കേ ജോങ്കര്‍ വീണതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം ഏഴ് റണ്‍സ് അകലെ അവസാനിച്ചു.

ജോങ്കര്‍ 49 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബെഹാര്‍ഡീന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവി രണ്ടും ബൂംറയും താക്കൂറും റെയ്നയും ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 172 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ ശീഖാര്‍ ധവാന്‍ 47 റണ്‍സുമായും സുരേഷ് റെയ്ന 43 റണ്‍സെടുത്തും പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡലാ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 

നായകന്‍ വിരാട് കോലിയടക്കം മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. രോഹിത് ശര്‍മ്മ(11), മനീഷ് പാണ്ഡെ(6), ധോണി(12), ഹര്‍ദിക് പാണ്ഡ്യ(21), ദിനേശ് കാര്‍ത്തിക്(13) എന്നിങ്ങനെയാണ് മറ്റിന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു റണ്‍സെടുത്ത് അക്ഷര്‍ പട്ടേലും മൂന്ന് റണ്‍സുമായി ഭുവിയും പുറത്താകാതെ നിന്നു.


 

click me!