ഇന്ത്യന്‍ ക്രിക്കറ്റിന് വഴികാട്ടാന്‍ ഫാബ് ഫൈവ്

By Web DeskFirst Published Jun 23, 2016, 6:08 AM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിന് മാര്‍ഗം ദീപം തെളിക്കാന്‍ ആ അഞ്ചുപേര്‍ വീണ്ടും കൈകോര്‍ക്കുന്നു. വ്യത്യസ്‌ത ഉത്തരവാദിത്വങ്ങളുമായാണ് അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വഴികാട്ടികളാകുന്നത്. അതില്‍ ഒടുവിലത്തെ കണ്ണിയായാണ് അനില്‍ കുംബ്ലെ കൂടി ചേരുന്നത്. ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങളായി സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും ജൂനിയര്‍ ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക് നിര്‍ണായക പങ്ക് വഹിച്ചുവരികയായിരുന്നു. ഇവര്‍ക്കൊപ്പമാണ് കുംബ്ലെ കൂടി ചേരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി കളിക്കാരായും ക്രിക്കറ്റ് ഭരണകര്‍ത്താക്കളായും, ഉപദേശകരായും പരിശീലകരായും ഈ അഞ്ചുപേര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടപെട്ടുവരുന്നുണ്ട്. 2008 വരെ ഇവര്‍ അഞ്ചുപേരും ഒരുമിച്ചു കളിക്കുകയും ചെയ്‌തിരുന്നു. 2008ല്‍ കുംബ്ലെയും ഗാംഗുലിയും കളി മതിയാക്കിയതോടെയാണ് ഈ ഫാബ് ഫൈവിന്റെ സാന്നിധ്യം കളിക്കളത്തില്‍ നിന്ന് ഒഴിഞ്ഞുപോയത്. പിന്നീട് 2012ല്‍ ദ്രാവിഡും ലക്ഷ്‌മണും 2013ല്‍ സച്ചിനും കളി മതിയാക്കി.

ഉപദേശകസമിതി അംഗങ്ങളായി സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും വന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. അതുവരെ ധോണിയുടെയും, മറ്റു ലോബി കളികള്‍ ദൃശ്യമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതിയ ശീലമാണ് ലഭിച്ചത്. സെവാഗ്, ഗംഭീര്‍, പത്താന്‍ തുടങ്ങിയ താരങ്ങളൊക്കെ കളിക്കളത്തില്‍നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് ഈ ലോബികളിയുടെ ഭാഗമായാണ്. അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി ദ്രാവിഡിനെ കൊണ്ടുവന്ന തീരുമാനവും പൊതുവെ സ്വാഗതാര്‍ഹമായിരുന്നു. അതിന്റെ മാറ്റം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ദൃശ്യമാണ്. കഴിവുള്ള ഒട്ടനവധി ചെറുപ്പക്കാര്‍ ടീമില്‍ വരുന്നുണ്ട്.

അതേസമയം പരീശീലകനായി മുന്‍ പരിചയമില്ലാത്ത കുംബ്ലെയുടെ വരവ് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഏറെ സങ്കീര്‍ണമായ സെലക്ഷന്‍ പ്രക്രിയയിലൂടെയാണ് പുതിയ പരിശീലകന്റെ സ്ഥാനാരോഹണം. 57 അപേക്ഷകള്‍ പരിശോധിച്ച് അതില്‍നിന്ന് 21 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ആ 21 പേരെ അഭിമുഖത്തിന് വിധേയമാക്കിയാണ് കുംബ്ലെയിലേക്ക് സച്ചിന്‍ ഉള്‍പ്പെട്ട സമിതി എത്തിച്ചേര്‍ന്നത്. തീര്‍ച്ചയായും, വരുംവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഘടനയെക്കുറിച്ചും, തന്ത്രങ്ങളെക്കുറിച്ചും കുംബ്ലെ മുന്നോട്ടുവെച്ച ആശയം ഉപദേശകസമിതിക്ക് സ്വീകാര്യമായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, തങ്ങളുടെ സമകാലീനനായ കുംബ്ലെയെ തെരഞ്ഞെടുക്കാന്‍ സച്ചിനും ഗാംഗുലിക്കും ലക്ഷ്‌മണും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല.

ഇന്ത്യന്‍ ടീമിനെ മുന്നോട്ടു നയിക്കാന്‍ കുംബ്ലെ ഉണ്ടാകും. പുതിയ കുട്ടികളെ കണ്ടെത്തി, അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ചു, പാകതയാര്‍ന്ന അന്താരാഷ്‌ട്ര ക്രിക്കറ്റര്‍മാരാക്കി മാറ്റാന‍് ദ്രാവിഡ് ഉണ്ടാകും. കളത്തിലും പുറത്തും, ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തേണ്ട ഗുണപരമായ മാറ്റങ്ങളെക്കുറിച്ച്, വിദഗ്ദ്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും ഉണ്ടാകും. ഇടയ്‌ക്കിടയ്‌ക്ക് ഒത്തുകളിയുടെയും, ലോബികളിയുടെയുമൊക്കെ കറ പുരളുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് ഈ അഞ്ചുപേരും ചേര്‍ന്ന് ശരിയായ വഴി കാട്ടിത്തരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍...

click me!