ഡി വൈ പാട്ടീല്‍ ടി20 കപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഉമ്രാന്‍ മാലിക്ക് ദയനീയ പ്രകടനം കാഴ്ചവെച്ചു. മുംബൈ കസ്റ്റംസിനെതിരായ മത്സരത്തില്‍ വെറും രണ്ട് ഓവറില്‍ 59 റണ്‍സാണ് താരം വഴങ്ങിയത്. 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ ഉമ്രാന്‍ മാലിക്കിന് ഡി വൈ പാട്ടീല്‍ ടി20 കപ്പില്‍ ദയനീയ പ്രകടനം. ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബിനായി പന്തെറിഞ്ഞ ഉമ്രാന്‍ മുംബൈ കസ്റ്റംസിനെതിരായ വെറും രണ്ട് ഓവറില്‍ 59 റണ്‍സാണ് വഴങ്ങിയത്. ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉയര്‍ത്തിയ 193 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ഉമ്രാന്‍, ക്യാപ്റ്റന്‍ ഷാര്‍ദുല്‍ താക്കൂറിനൊപ്പമാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ രുഗ്വേദ് മോറെ ഉമ്രാനെതിരെ ഒരു ഫോറും മൂന്ന് സിക്‌സറുകളും പറത്തി 23 റണ്‍സ് അടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ 13-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി തിരിച്ചെത്തിയപ്പോഴാണ് ഉമ്രാന്‍ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം നടത്തിയത്. ആദ്യ പന്തില്‍ സിംഗിള്‍, രണ്ടാം പന്തില്‍ ഫോര്‍. പിന്നീട് എറിഞ്ഞ നോ-ബോള്‍ സിക്‌സര്‍ പോയി. തൊട്ടടുത്ത പന്ത് ഡോട്ടായെങ്കിലും പിന്നീട് ഒരു സിക്‌സും ഫോറും വഴങ്ങി. ഓവര്‍ അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെ വൈഡും നോ-ബോളും എറിഞ്ഞ ഉമ്രാന് നിയന്ത്രണം വിട്ടു. ഫ്രീ ഹിറ്റ് ഫോറായെങ്കിലും അത് വീണ്ടും ഒരു നോ-ബോളായിരുന്നു.

Scroll to load tweet…

അവസാന പന്ത് സിക്‌സറോടെ അവസാനിച്ചപ്പോള്‍ ആ ഓവറില്‍ മാത്രം പിറന്നത് 36 റണ്‍സ്. രണ്ട് ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 59 റണ്‍സ് എന്ന മോശം കണക്കുകളുമായാണ് താരം കളം വിട്ടത്. മുംബൈ കസ്റ്റംസിനായി രുഗ്വേദ് മോറെ 46 പന്തില്‍ 101 റണ്‍സ് നേടി ടീമിനെ 16 ഓവറില്‍ വിജയത്തിലെത്തിച്ചു.

കൊല്‍ക്കത്തയ്ക്ക് ആശങ്ക

2025 സീസണിന് മുന്നോടിയായി 75 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച ഉമ്രാന്റെ ഫോമില്ലായ്മ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ തലവേദനയാണ് നല്‍കുന്നത്. നേരത്തെ ഡി വൈ പാട്ടീല്‍ റെഡിനെതിരായ മത്സരത്തിലും താരം ഒരു ഓവറില്‍ 27 റണ്‍സ് വഴങ്ങിയിരുന്നു. ഉമ്രാന്റെ മോശം ഫോമിന് പുറമെ മതീഷ പതിരണയ്ക്കും ഹര്‍ഷിത് റാണയ്ക്കും പരിക്കേറ്റത് ടീമിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളും എട്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഉമ്രാന്റെ ഐപിഎല്ലിലെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്ന് കരുതിയെങ്കിലും, നിലവിലെ ഫോം ടീം മാനേജ്‌മെന്റിനെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു.

YouTube video player