നീലക്കുപ്പായമഴിച്ച് നീലത്തിമിംഗലം; സര്‍ദാര്‍ സിംഗ് വിരമിച്ചു!

Published : Sep 12, 2018, 07:10 PM ISTUpdated : Sep 19, 2018, 09:24 AM IST
നീലക്കുപ്പായമഴിച്ച് നീലത്തിമിംഗലം; സര്‍ദാര്‍ സിംഗ് വിരമിച്ചു!

Synopsis

ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരം സര്‍ദാര്‍ സിംഗ്. വരും തലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നതായി മുന്‍ ഇന്ത്യന്‍ നായകന്‍.  

ദില്ലി: ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകന്‍ സര്‍ദാര്‍ സിംഗ് അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചു. ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് 32കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. കിരീടം നിലനിര്‍ത്താനാവാതെ പോയ ഇന്ത്യ ജക്കാര്‍ത്തയില്‍ നിന്ന് വെങ്കലം കൊണ്ട് മടങ്ങിയിരുന്നു. ഇന്ത്യയുടെ പ്രായം കുറഞ്ഞ നായകനായ സര്‍ദാര്‍ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന നേടിയിട്ടുണ്ട്.

'പന്ത്രണ്ട് വര്‍ഷം നീണ്ട കരിയറില്‍ മതിയാവുന്നത്ര മത്സരങ്ങള്‍ കളിക്കാനായി. കരിയറില്‍ 12 വര്‍ഷങ്ങള്‍ എന്നത് വലിയ കാലയളവാണ്. വരും തലമുറയ്ക്ക് വഴിമാറിക്കൊടുക്കാനുള്ള സമയമാണിത്'- വിരമിക്കല്‍ പ്രഖ്യാപിച്ച് സര്‍ദാര്‍ പറഞ്ഞു. കുടുംബത്തോടും ഹോക്കി ഫെഡറേഷനോടും സുഹൃത്തുക്കളോടും ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തതെന്നും സര്‍ദാര്‍ അറിയിച്ചു. ടോക്കിയോയില്‍ നടക്കുന്ന അടുത്ത ഒളിംപിക്‌സില്‍(2020) കളിക്കാനാവുമെന്ന് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനിടെ താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

ദേശീയ സെലക്‌ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 25 അംഗ സ്‌ക്വാഡില്‍ സര്‍ദാറിന്‍റെ പേരുണ്ടായിരുന്നില്ല. ഇതും വിരമിക്കലിന് വേഗം കൂട്ടി എന്നാണ് സൂചനകള്‍. പാക്കിസ്ഥാനെതിരെ 2006ല്‍ അരങ്ങേറിയ താരം 300 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 2008 മുതല്‍ 2016 വരെ നീണ്ട എട്ട് വര്‍ഷം ഇന്ത്യന്‍ നായകനായിരുന്നു. സര്‍ദാര്‍ 2012ല്‍ അര്‍ജുന അവാര്‍ഡും 2015ല്‍ പത്മശ്രീയും നേടിയിട്ടുണ്ട്. ഇന്ത്യയെ രണ്ട് ഒളിംപിക്‌സില്‍ പ്രതിനിധീകരിച്ചു. എന്നാല്‍ സര്‍ദാര്‍ വിരമിച്ചതായി അറിയില്ലെന്നാണ് ഹോക്കി ഫെഡറേഷന്‍റെ പ്രതികരണം.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു