പുരുഷന്‍മാര്‍ ചെയ്താലും അത് തെറ്റുതന്നെ; സെറീനയോട് നവരത്തിലോവ

By Web TeamFirst Published Sep 11, 2018, 2:43 PM IST
Highlights

യു എസ് ഓപ്പൺ വനിതാ സിംഗിള്‍സ് ഫൈനലിനിടെ സെറീന വില്യംസ് ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഇതിഹാസതാരം മാര്‍ട്ടീന നവരത്തിലോവ. ഫൈനലിനിടെ ചെയര്‍ അമ്പറോട് തര്‍ക്കിച്ച സെറീനയുടെ നടപടി തെറ്റുതന്നെയാണെന്നും അത് പുരുഷന്‍മാര്‍ ചെയ്താലും

ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ വനിതാ സിംഗിള്‍സ് ഫൈനലിനിടെ സെറീന വില്യംസ് ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഇതിഹാസതാരം മാര്‍ട്ടീന നവരത്തിലോവ. ഫൈനലിനിടെ ചെയര്‍ അമ്പറോട് തര്‍ക്കിച്ച സെറീനയുടെ നടപടി തെറ്റുതന്നെയാണെന്നും അത് പുരുഷന്‍മാര്‍ ചെയ്താലും അങ്ങനെ തന്നെയാണെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ കോളത്തില്‍ നവരത്തിലോവ പറഞ്ഞു. നമുക്ക് സ്വയം മാര്‍ക്കിടനാവില്ല. അതുകൊണ്ട് തന്നെ സെറീന  കോര്‍ട്ടില്‍വെച്ച് പെരുമാറിയ രീതി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്.

തെറ്റ് ചെയ്തതിന് ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രം ലിംഗ വിവേചനം എന്ന് പറയുന്നത് ശരിയല്ല. ടെന്നീസില്‍ മാത്രമല്ല എല്ലായിടത്തും ലിംഗ വിവേചനമുണ്ട്. ചെയര്‍ അമ്പയറെ കള്ളനെന്ന് വിളിച്ചാല്‍ പുരുഷതാരമാണെങ്കില്‍ ശിക്ഷിക്കപ്പെടുമോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. എന്നാല്‍ നമ്മള്‍ സ്വയം ചോദിക്കേണ്ട ചോദ്യം, കളിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ഒരാള്‍ ഇങ്ങനെയാണോ കളിക്കളത്തില്‍ പെരുമാറേണ്ടത് എന്നാണ്.

കളിക്കിടെ തര്‍ക്കിക്കുകയും റാക്കറ്റ് നിലത്തടിക്കുകയും ചെയ്തപ്പോള്‍ പോയന്റ് വെട്ടിക്കുറക്കുകയല്ലാതെ അമ്പയര്‍ക്ക് മറ്റ് വഴികളില്ലായിരുന്നു. താന്‍ തെറ്റ് ചെയ്തില്ലെന്ന് സെറീന അമ്പയറോട് പറയുന്നുണ്ടായിരുന്നു. അത് വിശ്വസിക്കാം. പക്ഷെ അതിനുള്ള പ്രതികരണം ഇങ്ങനെ അല്ലായിരുന്നു വേണ്ടിയിരുന്നത്. ടെന്നീസില്‍ ലിംഗ വിവേചമുണ്ടെന്ന് സെറീന പറഞ്ഞത് യാഥാര്‍ഥ്യമാണ്. കോര്‍ട്ടിലെ പെരുമാറ്റം മോശമായാല്‍ സ്ത്രീകളാണെങ്കില്‍ ശിക്ഷ ലഭിക്കും. വനിതാ താരങ്ങള്‍ക്കും പുരുഷതാരങ്ങള്‍ക്കും വ്യത്യസ്ത അളവുകോലുകളുണ്ട്. ഇത് ശരിയായി പരിശോധിക്കപ്പെടേണ്ട വസ്തുതയാണെന്നും 18 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നവരത്തിലോവ പറഞ്ഞു.

ഫൈനലിലെ മോശം പെരുമാറ്റത്തിന് സെറീനക്ക് പെനാല്‍റ്റി പോയിന്റ് വിധിച്ച അമ്പയര്‍ 12 ലക്ഷം രൂപ പിഴശിക്ഷയും ചുമത്തിയിരുന്നു. സ്ത്രീ ആയതിനാലാണ് തനിക്കിതിരെ നടപടി ഉണ്ടായതെന്നായിരുന്നു സെറീനയുടെ പ്രതികരണം. അമ്പയർ കാ‍ർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നി‍ർദേശങ്ങൾ നൽകിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമായിരുന്നു സെറീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്.ഫൈനലിൽ സെറീനയെ തോൽപിച്ച് ജപ്പാന്റെ നവോമി നവോമി ഒസാക്ക ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയിരുന്നു.

click me!