ക്രിക്കറ്റ് അവസാനിപ്പിക്കുമ്പോള്‍ നെഹ്റയ്ക്ക് ആ സങ്കടം ബാക്കി

By Web DeskFirst Published Nov 1, 2017, 5:53 PM IST
Highlights

ദില്ലി: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20 കളിച്ച് 20 വര്‍ഷം നീണ്ട  കരിയറിന് അന്ത്യം കുറിക്കാന്‍ ഒരുങ്ങുന്ന ആശിഷ് നെഹ്‌റയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമാണ് സങ്കടം. 2003ലെ ലോകകപ്പ് ഫൈനലില്‍ ഗാംഗുലി നയിച്ച ടീം ഓസ്‌ട്രേലിയയോട് തോറ്റതാണ് അത്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെഹ്‌റ ഇക്കാര്യം പറയുന്നത്.

'ഇത് മഹത്തരമായ ഒരു യാത്രയായിരുന്നു. പക്ഷേ എനിക്കൊരു കാര്യത്തില്‍ മാത്രം സങ്കടമുണ്ട്. ഈ 20 വര്‍ഷത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ മാറ്റം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് 2003ലെ ലോകകപ്പ് ഫൈനലാണ്. ജോഹന്നാസ്ബെര്‍ഗിലെ ആ ഉച്ചനേരം ഒരിക്കലും മറക്കില്ല. ഓസ്ട്രേലിയയോട് തോറ്റ ആ നിമിഷവും. അതെല്ലാം വിധിയുടെ വിളയാട്ടമാണ്' നെഹ്‌റ പറയുന്നു.

കഴിഞ്ഞ 20 വര്‍ഷവും സംഭവബഹുലമായിരുന്നെന്ന് പറഞ്ഞ നെഹ്‌റ അടുത്ത വര്‍ഷങ്ങളും അങ്ങനെ തന്നെയാകട്ടെ എന്ന പ്രതീക്ഷയും പങ്കുവെച്ചു. ഓടാന്‍ കഴിയുന്നിടത്തോളം കാലം ഓടി നോക്കിയെന്നും ഇനി താന്‍ നടക്കേണ്ട കാലമാണെന്നും നെഹ്റ വ്യക്തമാക്കി.

1999ല്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റിലൂടെയാണ് നെഹ്‌റ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറില്‍ 44 ടെസ്റ്റ് വിക്കറ്റും 157 ഏകദിന വിക്കറ്റും 34 ട്വന്‍റി20 വിക്കറ്റുമാണ് നെഹ്‌റയുടെ കരിയറിലുള്ളത്. 2012 മുതല്‍ 2016 വരെ ഐ.പി.എല്ലില്‍ കളിച്ച നെഹ്‌റ നാലു ടീമുകളുടെ ഭാഗമാവുകയും ചെയ്തു.

click me!