വിന്‍ഡീസിനെതിരേ ടെസ്റ്റ് ടീം ഇന്ന്; യുവാക്കള്‍ക്ക് സാധ്യതയേറെ, സാധ്യതാ ടീം ഇങ്ങനെ

By Web TeamFirst Published Sep 25, 2018, 6:27 PM IST
Highlights
  • ഏഷ്യാ കപ്പ് കഴിയുന്നതോടെ ഇന്ത്യ അടുത്ത പര്യടനത്തിന് തുടക്കമാവും. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20യുമാണുള്ളത്. ഇതില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും. നിരവധി മാറ്റങ്ങളാണ് ടീമില്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ടീമില്‍ അവസരം ലഭിച്ചേക്കും.

മുംബൈ: ഏഷ്യാ കപ്പ് കഴിയുന്നതോടെ ഇന്ത്യ അടുത്ത പര്യടനത്തിന് തുടക്കമാവും. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20യുമാണുള്ളത്. ഇതില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നിരവധി മാറ്റങ്ങളാണ് ടീമില്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ടീമില്‍ അവസരം ലഭിച്ചേക്കും.

ഓപ്പണര്‍മാരുടെ റോളിലാണ് ശ്രദ്ധേയമായ മാറ്റമുണ്ടാവുക. ഇംഗ്ലണ്ടില്‍ പൂര്‍ണപരാജയമായിരുന്ന ശിഖര്‍ ധവാന്‍, മുരളി വിജയ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. വിജയിയെ ഇംഗ്ലണ്ടിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കെ.എല്‍. രാഹുലിനൊപ്പം പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ടീമിലെത്തിയേക്കും. രാഹുലിനൊപ്പം പൃഥ്വി ഷാ അരങ്ങേറാനും സാധ്യതയേറെ. ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റില്‍ പൃഥ്വി ഷാ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ഫോമിലുമാണ്.

എന്നാല്‍ മധ്യനിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ഇംഗ്ലണ്ടില്‍ മോശമില്ലാത്ത പ്രകടനം പൂജാര പുറത്തെടുത്തിരുന്നു. രഹാനെയ്ക്ക് അവസാന അവസരമായിരിക്കുമിത്. ഓവര്‍സീസ് സ്‌പെഷ്യലിസ്റ്റ് എന്ന് പേര് കേട്ട രഹാനെയ്ക്ക് ഇംഗ്ലണ്ട് പരമ്പര മറക്കുന്നതാണ് നല്ലത്. വിന്‍ഡീസിനെതിരേ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഒരു തിരിച്ചുവരവിന് രഹാനെ കഷ്ടപ്പെടേണ്ടി വരും. 

ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റിലുണ്ടായിരുന്ന ഹനുമാ വിഹാരി ടീമില്‍ സ്ഥാനം നിലനിര്‍ത്തും. അതേസമയം, ഇംഗ്ലണ്ടില്‍ മോശം പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് പാണ്ഡ്യക്ക് പുറത്തേക്കുള്ള വഴി തെളിയും. പാണ്ഡ്യക്ക് പകരം കരുണ്‍ നായര്‍ കളിച്ചേക്കും. ഇംഗ്ലണ്ടിനെതിരേ ടീമിലുണ്ടായിരുന്നെങ്കിലും കരുണിനെ കളിപ്പിക്കാത്തത് വിവാദമായിരുന്നു. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമില്‍ സ്ഥാനമുറപ്പിക്കും. ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയിരുന്നു യുവതാരം.

മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തും. ഇംഗ്ലണ്ടില്‍ സാഹചര്യത്തിനനുസരിച്ച് മാത്രമാണ് സ്പിന്നര്‍മാരെ ഉപയോഗിച്ചത്. നാല് ടെസ്റ്റിലും ഒരു സ്പിന്നറെ മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍ പരമ്പര ഇന്ത്യയിലായതിനാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരെ വരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനമുറപ്പിക്കും. കുല്‍ദീപിനെ ഇംഗ്ലീഷ് പരമ്പരയുടെ ഇടയ്ക്ക് ഒഴിവാക്കിയെങ്കിലും കുല്‍ദീപിന് ഒരുവസരം കൂടി നല്‍കിയേക്കും. ഷഹബാസ് നദീം, ജയന്ത് യാദവ് എന്നിവരാണ് ടീമിലുള്‍പ്പെടാന്‍ കുറച്ചെങ്കിലും സാധ്യതയുള്ള മറ്റു സ്പിന്നര്‍മാര്‍. പേസര്‍മാരില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍  ഉറപ്പാണ്. ഇശാന്ത് ശര്‍മ സാധ്യത ഇലവനില്‍ ഉള്‍പ്പെടുമെങ്കിലും ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്ക് തിരിച്ചെത്തും. 

സാധ്യതാ ടീം: കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, കരുണ്‍ നായര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

click me!